സംസ്ഥാന സര്‍ക്കാര്‍ വ്യവസായ-വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് തല ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയും ഉന്നതിയും ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ആര്‍.എ.എം.പി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മണ്ണാര്‍ക്കാട് താലൂക്കില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ നിലവിലുള്ളവ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വിവിധ ബാങ്കുകളുടെ വായ്പാ പദ്ധതികളെക്കുറിച്ച് നേരിട്ട് ബാങ്ക് മാനേജര്‍മാരുമായി സംവദിക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു മീറ്റിന്റെ ലക്ഷ്യം. പരിപാടിയില്‍ സംരംഭകര്‍ക്ക് ബാങ്ക് പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
കോടതിപ്പടി ഡോറോ റോയല്‍ സ്യൂട്ടില്‍ നടന്ന പരിപാടിയില്‍ മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വ്യവസായ ഓഫീസര്‍ സി.ടി ഷിഹാബുല്‍ അക്ബര്‍, വ്യവസായ വികസന ഓഫീസര്‍ ആര്‍.സി നിഷ, അട്ടപ്പാടി വ്യവസായ വികസന ഓഫീസര്‍ എസ് ഷിഹാബുദ്ദീന്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ ടി സോമന്‍ എന്നിവര്‍ സംസാരിച്ചു. വ്യവസായ-വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
