ശബരിമല: ശബരിമല മാലിന്യ മുക്തമാവേണ്ടതിന്റെ പ്രസക്തി ഭക്തരെ ബോധ്യമാക്കുന്ന ഉണര്‍ത്ത് ഭക്തിഗാനവുമായി കേരളാപോലീസ്. വൈക്കം ഡി.വൈ.എസ്.പി. സുഭാഷ് ചേര്‍ത്തലയാണ് കാനനവാസനായ അയ്യപ്പനും ഭക്തനും തമ്മിലുള്ള ആത്മബന്ധത്തിന്റെ രൂപത്തില്‍ ഗാനം രചിച്ചത്. ‘പറയൂ നീ സ്വാമി നീയെറിയും മാലിന്യം മാല്യമായുണ്ണുവതെങ്ങനെ ഞാന്‍’ എന്ന ചോദ്യത്തോടെയാണ് അയ്യപ്പസ്വാമി ഭക്തനെ സമീപിക്കുന്നത്. മാലിന്യമൊത്തം നമുക്ക് നീക്കാം പുണ്യംപൂങ്കാവനം നമുക്കൊരുക്കാമെന്നും അയ്യപ്പന്‍ പറയുന്നു. ശബരിമലയുള്‍പ്പടെ വനത്തിന്റെ സ്വഭാവികതയും തനിമയും നിലനിര്‍ത്തി അഴുക്കും മെഴുക്കും തീണ്ടാതെ പൂങ്കാവനത്തെ ശുദ്ധമാക്കണമെന്ന് അയ്യപ്പന്‍ ഭക്തനോട് പറയുന്നവിധമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. പുണ്യംപൂങ്കാവനം എന്ന പേരിട്ട ഉണര്‍ത്തുപാട്ടിന്റെ സി.ഡി. തൃശ്ശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍ പ്രകാശനം ചെയ്തു. ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍ ഏറ്റുവാങ്ങി. സജീവ് രാമനാണ് പാട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. കൊല്ലം അഭിജിത്താണ് ഗാനം ആലപിച്ചത്. വൈക്കം ഡി.വൈ.എസ്.പി. ഓഫീസിലേയും കോട്ടയത്തേയും പോലീസ് ഉദ്യോഗസ്ഥരും ജിവനക്കാരും കോറസ് പാടിയും ഈ സംരഭത്തിന് പിന്തുണയേകി. കേരളാപോലീസ് ശബരിമലയില്‍ നടപ്പാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയ്ക്ക് തുണയാവുകയാണ് ഈ ഉണര്‍ത്തുപാട്ട്.