നാളികേരം, ചക്ക , മാങ്ങ, തേന്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങൾക്കൊപ്പം അലങ്കാര വസ്തുക്കള്‍, മ്യൂറല്‍ പെയിന്റിംഗുകള്‍, ഡിസൈനര്‍ തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഉല്‍പ്പന്നങ്ങളുമായി ജില്ലാതല വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേളക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തുടക്കമായി. വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ മാര്‍ക്കറ്റ് ആക്‌സിലറേഷന്‍ ഗ്രാന്‍ഡ്, കണ്ണൂര്‍ പപ്പുവാന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് (സഹകാരി വെളിച്ചെണ്ണ), സാലിസണ്‍ കമ്പനിയുടെ വിവിധ ഇനത്തിലുള്ള സോഫ്റ്റ് ഡ്രിങ്ക് ഉല്‍പന്നങ്ങള്‍, ഉണ്ണിക്കണ്ണന്‍ നെറ്റിപ്പട്ടം ആന്‍ഡ് ഹാന്‍ഡി ക്രാഫ്റ്റ്, കൃഷ്ണ ആയുര്‍വേദ ഫാര്‍മസിയുടെ ഉല്‍പന്നങ്ങള്‍, എസ് എം ഹാന്‍ഡ് ക്രാഫ്റ്റിന്റെ ചിരട്ട കൊണ്ടുള്ള വിവിധ കരകൗശല ഉല്‍പന്നങ്ങള്‍, അലങ്കാര്‍ ഓര്‍ണമെന്റ്, ജില്ലയിലെ വിവിധ ഭക്ഷ്യ, ഗാര്‍മെന്റ്‌സ് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ എന്നിവ മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. 52 സ്റ്റാളുകളാണ് മേളയിലുള്ളത്.

ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇ.ആര്‍ നിധിന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ.പി ഗിരീഷ് കുമാര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.ജി നന്ദകുമാര്‍, ശരത്ത് ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ 10 മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് സൗജന്യ പ്രവേശനം. മേള ഒക്ടോബര്‍ 28 ന് അവസാനിക്കും.