പിന്നാക്കം നിൽക്കുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ മുൻഗണനാ പദ്ധതികൾ അവര്‍ക്ക് തന്നെ നിശ്ചയിക്കാനുള്ള അവസരമാണ് വിഷൻ 2031 സംസ്ഥാനതല സെമിനാറിൽ ഒരുക്കുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്. കേളു. കഴിഞ്ഞ 10 വർഷം വകുപ്പ് നടപ്പാക്കിയ പദ്ധതികൾ വിലയിരുത്തി ഭാവി കാഴ്പ്പാടുകളും വികസന പദ്ധതികളും രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി- പട്ടിക വര്‍ഗ്ഗക്കാർക്കായുള്ള പദ്ധതികൾ അവരുമായി ബന്ധമില്ലാത്ത മറ്റാരൊക്കെയോ തീരുമാനിക്കുകയാണെന്ന ആരോപണം ഏറെനാളായി ഉയര്‍ന്നിരുന്നു. എന്നാൽ പിന്നാക്ക ജനവിഭാഗക്കാരും അവര്‍ക്കായി ഇടപെടുന്നവരും അവരുടെ കാര്യങ്ങൾ മനസിലാക്കുന്നവരും ഒരുമിച്ചിരുന്ന് മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്ത് പോരായ്മകള്‍ കണ്ടെത്താനുള്ള വേദിയാണ് വിഷൻ 2031 സെമിനാറിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്.
പത്ത് വര്‍ഷത്തിനകം പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിതത്തിൽ വളരെ വലിയ മുന്നേറ്റം സാധിച്ചതായി സെമിനാറിൽ അഭിപ്രായപ്പെട്ടു. ഭരണ- ഔദ്യോഗിക സംവരണങ്ങളിലൂടെയും സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയും വളരെയധികം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും മന്ത്രി ഒ.ആര് കേളു പറഞ്ഞു. വകുപ്പിൻ്റെ വികസന നയരേഖ കരട് റിപ്പോര്‍ട്ട് മന്ത്രി ഒ.ആര് കേളു അവതരിപ്പിച്ചു.
പിന്നാക്ക വികസന മേഖലയിൽ നടപ്പാക്കാൻ സാധിക്കുമോയെന്ന സംശയിച്ച പദ്ധതികൾ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിൽ സര്‍ക്കാര്‍ സാക്ഷാത്കരിച്ചതായി അധ്യക്ഷത വഹിച്ച യു.ആര് പ്രദീപ് എം.എൽ.എ പറഞ്ഞു. പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ അഭിമാനാര്ഹായ നേട്ടമാണ് സംസ്ഥാനം കൈവരിച്ചത്. എന്നാൽ പ്രഖ്യാപിച്ച പണം നൽകാത്ത കേന്ദ്ര നടപടിക്കെതിരെ രാഷ്ട്രീയത്തിന് അതീതമായി കൂട്ടായ ശബ്ദം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ഡി. ധര്‍മ്മലശ്രീ വകുപ്പിന്റെ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ആറളം ഫാമിന്റെ എമറാൾഡ് ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി ഒ.ആര് കേളു പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുൻ പ്രേംരാജിന് നൽകി പ്രകാശനം ചെയ്തു.
