എല്ലാ വാർഡുകളും കളിക്കളങ്ങളൊരുക്കിയ ആദ്യ ഗ്രാമപഞ്ചായത്തായ കേളകം സംസ്ഥാനത്തെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. കേളകത്തെ സമ്പൂര്‍ണ കളിക്കള ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.

“പ്ലേ ഫോർ ഹെൽത്തി കേളകം” എന്ന പദ്ധതിയിൽ സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കളിസ്ഥലങ്ങൾ, പുറമ്പോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തി 13 വാർഡുകളിലായി ചെറുതും വലുതുമായ 26 കളിക്കളങ്ങളാണ് ഗ്രാമപഞ്ചായത്ത് ഒരുക്കിയത്. ഇതിൽ 13 എണ്ണം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലും 13 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്. അത്ലറ്റിക്‌സ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ, ബാറ്റ്‌മിന്റൻ, ബാസ്‌കറ്റ്‌ ബോൾ, റോളർ സ്കേറ്റിംഗ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്സ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യവും കേളകത്ത് ഒരുക്കിയിട്ടുണ്ട്. പദ്ധതിയുമായി സഹകരിച്ച സ്കൂളുകൾക്കും ക്ലബ്ബുകൾക്കും പള്ളികൾക്കും ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, ജില്ലാപഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം സജീവൻ പാലുമി, പഞ്ചായത്ത് സെക്രട്ടറി എം പൊന്നപ്പൻ, സ്വതന്ത്ര കായിക ഗവേഷകർ പ്രസാദ് വി ഹരിദാസൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളായ കെ.സി ജോർജ്, ജോൺ പടിഞ്ഞാലി, എം.വി.മാത്യു മാസ്റ്റർ, കെ.ജി വിജയ പ്രസാദ്, കെ.എം അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.