പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിനായി മൂന്നര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ മധുസൂദനന്‍ എം.എല്‍.എ അറിയിച്ചു.

1165 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ കെട്ടിടത്തില്‍ ഓഫീസ് മുറി, സ്റ്റോര്‍ റൂം, സ്ട്രോങ്ങ് റൂം, സ്റ്റേഷനറി, എക്സാമിനേഷന്‍ കണ്‍ട്രോള്‍ റൂം, വെയിറ്റിംഗ് ഏരിയ, പ്രിന്‍സിപ്പല്‍ ഓഫീസ് എന്നിവയും അനുബന്ധ ശുചിമുറികളും ഉള്‍പ്പെടും. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാൻ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.