റവന്യൂ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. ആറന്മുള, ചെന്നീര്‍ക്കര, പുറമറ്റം, നിരണം, കൂടല്‍, കോന്നിത്താഴം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുതാര്യവും കൃത്യതയോടുമുള്ള പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ വേഗതയില്‍ ലഭ്യമാക്കി. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ടുവര്‍ഷത്തില്‍ കേരളത്തിന്റെ മൂന്നിലൊന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റിലീസ്, സര്‍വേ വകുപ്പിന്റെ ഇ മാപ്പ് പോര്‍ട്ടലുകള്‍ കോര്‍ത്തിണക്കിയ എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനം ഭൂമി ക്രയവിക്രയം എളുപ്പമാക്കി. നാലുലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി ഭൂരഹിതരില്ലാത്ത കേരളം എന്ന നേട്ടത്തിനരികിലാണ് സംസ്ഥാനം. ഭൂഉടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി സ്മാര്‍ട്ട് കാര്‍ഡ് ഉടന്‍ നല്‍കും. 632 വില്ലേജുകളെ സ്മാര്‍ട്ട് ആക്കിയതായും നാനൂറോളം വില്ലേജ് ഓഫീസുകള്‍ പുനര്‍നിര്‍മിച്ചതായും മന്ത്രി പറഞ്ഞു.
ആറന്മുള ഇടശ്ശേരിമല എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ ആറന്മുള, ചെന്നീര്‍ക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. ജില്ലയില്‍ ഭരണാനുമതി ലഭിച്ച 41 ല്‍ 32 എണ്ണം സ്മാര്‍ട്ട് വില്ലേജാക്കി മാറ്റാന്‍ സാധിച്ചതായി മന്ത്രി പറഞ്ഞു. രണ്ടുകോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്ക് ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, എഡിഎം ബി. ജ്യോതി, മുന്‍ എംഎല്‍എ മാലേത്ത് സരള ദേവി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. എസ്. അനീഷ് മോന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി. റ്റോജി, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില എസ് നായര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
