ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നടന്നു

സംസ്ഥാന ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയ പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജിത പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊന്നാനി-തൃശൂര്‍ മേഖലയില്‍ വേനല്‍ക്കാലത്തും വെള്ളം കിട്ടാനും താഴ്ന്ന പ്രദേശങ്ങളില്‍ പുഞ്ച കൃഷിക്കായി വെള്ളം ശേഖരിക്കാനും ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താനും സാധിക്കുന്ന പദ്ധതിയാണിത്. ബിയ്യം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പി. നന്ദകുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഞ്ച് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമാണ് ഇതെന്നും കൃത്യമായ പ്രവര്‍ത്തനത്തിന്റെയും ഇച്ഛാശക്തിയുടെയും സാക്ഷാത്കാരമാണ് ഇത്തരത്തിലുള്ള വികസന പദ്ധതികള്‍ എന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മലപ്പുറം-തൃശൂര്‍ ജില്ലകളുടെ കോള്‍മേഖലയെ സമ്പുഷ്ടിപ്പെടുത്തുന്ന സുപ്രധാന പദ്ധതിയാണ് ഭാരതപ്പുഴ-ബിയ്യം കായല്‍ സംയോജന പദ്ധതി. കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനാണ് പദ്ധതി വഴി പരിഹാരമാകുന്നത്. 35.80 കോടി രൂപ നബാര്‍ഡ് ഫണ്ട് വകയിരുത്തി പദ്ധതി നടപ്പാക്കുമ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് അഭൂതപൂര്‍വ്വമായ ഉണര്‍വാണ് കൈവരിക.

ജില്ലയിലെ പൊന്നാനി നഗരസഭ, ഗ്രാമപഞ്ചായത്തുകളായ എടപ്പാള്‍, മാറഞ്ചേരി, കാലടി, നന്നംമുക്ക്, പെരുമ്പടപ്പ്, തവനൂര്‍, വെളിയങ്കോട്, ആലംകോട് കൂടാതെ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം നഗരസഭ, പോര്‍ക്കുളം, കാട്ടകാമ്പാല്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, കടവല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ വരെ ഉള്‍പ്പെടുന്ന 3500 ഹെക്ടറില്‍ അധികം വരുന്ന പാടശേഖരത്തില്‍ ബിയ്യം കായലിലും മറ്റ് അനുബന്ധ തോടുകളിലും സംഭരിക്കുന്ന വെള്ളം ഉപയോഗപ്പെടുത്തിയാണ് നെല്‍കൃഷി നടക്കുന്നത്. കൂടുതലും പുഞ്ചകൃഷിയാണ് വ്യാപകമായി ചെയ്യുന്നത്. നിലവില്‍ നാമമാത്രമായ കൃഷി മാത്രമാണ് ചെയ്തുവരുന്നത്. അതിന് കാരണം തന്നെ മഴയുടെ ലഭ്യത കുറവാണ്.

അതുകൊണ്ടുതന്നെ വേണ്ട രീതിയിലുള്ള വിളവെടുപ്പ് നടത്താന്‍ സാധിക്കാറില്ല. പുഞ്ച കൃഷിക്ക് ആവശ്യമായ വെള്ളം ശേഖരിക്കേണ്ട സമയത്ത് അത് കിട്ടാതെ വരുമ്പോള്‍ മുണ്ടകന്‍ കൃഷിയെ കൂടി അത് സാരമായി ബാധിക്കുകയാണ്. ഇത് കുടിവെള്ള ലഭ്യതയെയും കോള്‍പ്പാടങ്ങളിലെ ഇടവേള കൃഷിയെയും ഇരുട്ടിലാക്കാറുണ്ട്. ഇതിനെല്ലാം പരിഹാരം വേണം എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. എന്നാല്‍ ഒരു പഠനം നടത്തിയല്ലാതെ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കില്ലായിരുന്നു. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ആയിരിക്കെയാണ് 1.80 ലക്ഷം രൂപ ചിലവഴിച്ച് വിശദമായ പഠനം നടത്തിയത്. ഭൂഗുരുത്വ ബലത്തെ മാത്രം ആശ്രയിച്ച് ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ യഥാര്‍ത്ഥ സംഭരണശേഷി നിലനിര്‍ത്തിക്കൊണ്ട് ഭാരതപ്പുഴയില്‍ നിന്നും ബിയ്യം കായലിലേക്ക് കനാല്‍ നിര്‍മ്മിക്കുന്ന പദ്ധതി ഡിസൈന്‍ ചെയ്തു.

തവനൂരിലെ പഴയ കടവില്‍ നിന്നും 1.20 മീറ്റര്‍ വ്യാസമുള്ള ഡക്സ്റ്റെയില്‍ അയണ്‍ പൈപ്പ് ഉപയോഗിച്ച് ജലം പ്രകൃതിദത്തമായ രീതിയില്‍ തോട്ടിലേക്ക് എത്തിച്ച് അവിടെ നിന്നും ബിയ്യം കായലിലേക്കും മാണൂര്‍ കായലിലേക്കും ജലം എത്തിക്കുന്ന പദ്ധതിയാണ് ഇതുവഴി ആവിഷ്‌കരിച്ചത്. ഇതിനോടൊപ്പം തന്നെ ഒഴുകുന്ന ജലത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്ന രീതിയില്‍ പുതിയ വി.സി.ബികള്‍ നിര്‍മിക്കാനും തോടിന്റെ ഇരുഭാഗവും കെട്ടി സംരക്ഷിക്കാനുമുള്ള പദ്ധതികളും വിഭാവനം ചെയ്തു. ചെറുതോടിലും വലിയ തോടിലും ആയി നാല് പുതിയ വി.സി.ബികളുടെ നിര്‍മ്മാണമാണ് നടക്കുക. 15 എച്ച്.പി പമ്പ് സ്ഥാപിക്കുന്നതിനായി പമ്പ് ഹൗസും പാനല്‍ ബോര്‍ഡും നിര്‍മ്മിക്കുന്നുണ്ട്. നിലവിലുള്ള മൂന്ന് വി.സി.ബികളുടെ അറ്റകുറ്റപ്പണികളും സംരക്ഷണ പ്രവൃത്തിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതളൂര്‍ അങ്ങാടിയിലെ തോടിന്റെ ലെവല്‍ 1.890 മീറ്റര്‍ വരെ താഴ്ത്തേണ്ടി വരുന്നതിനാല്‍ ഈ തോടിന്റെ മുകള്‍ഭാഗത്തുള്ള തവനൂര്‍ പാടത്ത് വെള്ളം എത്തിക്കാന്‍ 15 എച്ച്.പി പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള പ്രവൃത്തിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2011 ല്‍ നിര്‍മ്മിച്ച ബിയ്യം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിലവിലുള്ള ഷട്ടറുകള്‍ കേടുപാടുകള്‍ നേരിട്ടതും ഉപ്പ് വെള്ളത്തില്‍ മുങ്ങിക്കിടന്ന് പ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതുമായതിനാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ആക്കി മാറ്റുന്നതിന് മൂന്നു കോടി രൂപ മെക്കാനിക്കല്‍ പദ്ധതിയോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പദ്ധതി നടപ്പിലായാല്‍ കാര്‍ഷിക-ജലസേചന മേഖലയില്‍ വലിയൊരു മാറ്റമാണ് സംഭവിക്കുക. മലപ്പുറം,തൃശൂര്‍ ജില്ലകളിലെ പത്തോളം പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ജലക്ഷാമം കുറയ്ക്കാന്‍ സാധിക്കും. ബിയ്യം കായലിലെ ആയക്കെട്ട് വിസ്തീര്‍ണ്ണം വര്‍ധിക്കുകയും പുഞ്ച കൃഷി വ്യാപകമാക്കുവാനും സാധിക്കും. ഏപ്രില്‍,മെയ് മാസങ്ങളില്‍ കായലിലും അനുബന്ധ തോടുകളിലും വെള്ളം സംഭരിച്ചു കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താനും സാധിക്കും.
ചടങ്ങില്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. അജ്മല്‍ സ്വാഗതം പറഞ്ഞു. എ.സി. മൊയ്തീന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കോഴിക്കോട് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.