വന്യ ജീവികള്‍ നാട്ടില്‍ ഇറങ്ങിയാല്‍ ഉടന്‍ വനം വകുപ്പിനെ അറിയിക്കുന്നതിനുള്ള എസ്എംഎസ് മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുമെന്ന്് വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരെ അടിയന്തിര സാഹചര്യത്തില്‍ സന്നിധാനത്തു നിന്നു പമ്പയില്‍ എത്തിക്കുന്നതിനുള്ള വനം വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സിന്റെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനത്തില്‍ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വനത്തിനുള്ളില്‍ നിന്ന് രുചിയുള്ള ഭക്ഷണം തേടിയാണ് വന്യ മൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കാന്‍ വനം വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. ഈ സാഹചര്യത്തിലാണ് വന്യ ജീവി സാന്നിധ്യം വനം വകുപ്പിനെ അറിയിക്കുന്നതിനുള്ള എസ്എംഎസ് മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നത്. ഇതിനു പുറമേ വനാതിര്‍ത്തി പങ്കിടുന്ന എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതി രൂപീകരിക്കും. വനത്തെയും വന്യജീവികളെയും മനുഷ്യരെയും സംരക്ഷിക്കുന്നതിന് ബഹുജനപങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന് വനാശ്രിത സമൂഹത്തിന്റെ അറിവും സേവനവും ഉപയോഗപ്പെടുത്തും.
ശബരിമലയെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കേന്ദ്രമായി മാറ്റണം. സമാനതകള്‍ ഇല്ലാത്ത വലിയ തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. സ്വാഭാവിക വനം ശബരിമലയില്‍ വളരണം. ഇതാണ് ശബരിമലയുടെ ശക്തിയും പ്രാധാന്യവും. ഇതു തന്നെയാണ് ശബരിമലയെ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നതും. വനത്തിലൂടെ ദീര്‍ഘദൂരം വാഹനത്തില്‍ വന്ന് പിന്നീട് വനത്തിലൂടെ കാല്‍നടയായി നടന്ന് ദര്‍ശനം നടത്തി മടങ്ങുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രം വേറെയില്ല. ശബരിമലയിലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് ഉതകുന്ന എല്ലാ സഹായവും വനം വകുപ്പ് നല്‍കും. ദേവസ്വം ബോര്‍ഡ് നല്‍കിയ നിവേദനം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സിന്റെ സേവനം വര്‍ഷം മുഴുവന്‍ ശബരിമല സന്നിധാനത്ത് ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. മല കയറുന്നിന് ആവശ്യമായ ക്രമീകരണങ്ങളുള്ളതാണ് ആംബുലന്‍സ്. അടിയന്തിര സാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. ഏറ്റവും മികച്ച തീര്‍ഥാടനം ഉറപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടന പാതയില്‍ ആന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യം വന പാലകരെ അറിയിക്കുന്നതിന് തീര്‍ഥാടകര്‍ക്ക് സഹായകമാകുന്ന വൈല്‍ഡ് വാച്ച് എന്ന ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആനയെ കാണുന്ന നിമിഷം തന്നെ ആപ്പില്‍ ഒറ്റ ക്ലിക്കിലൂടെ സന്ദേശം വനം വകുപ്പ്, പോലീസ്, എലിഫന്റ് സ്‌ക്വാഡ്, പോലീസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് നല്‍കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. ജിപിഎസ് സംവിധാനത്തിലൂടെ ഉടന്‍ തന്നെ സന്ദേശം അയച്ച സ്ഥലം കണ്ടെത്തി ഉടന്‍ അവിടെ എത്താന്‍ അധികൃതര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്.
തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വനം-ദേവസ്വം വകുപ്പുകള്‍ സമന്വയത്തിലൂടെയാണ് മുന്നോട്ടു പോകുന്നതെന്ന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ. രാഘവന്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് സംതൃപ്തമായ തീര്‍ഥാടനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം രാജന്‍ വെട്ടിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പെരിയാര്‍ വെസ്റ്റ് ഡെപ്യുട്ടി ഡയറക്ടര്‍ സി.കെ. ഹാബി, എഫ്ഡിഎ പ്രതിനിധി ജോഷി ആന്റണി, സാപ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ സിബി കൊറ്റനെല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആംബുലന്‍സ് സന്നിധാനത്ത് ഗവണ്‍മെന്റ് ആശുപത്രിയിലായിരിക്കും സജ്ജീകരിക്കുക. നിലവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ദേവസ്വംബോര്‍ഡ് ഒരു ആംബുലന്‍സ് സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ആംബുലന്‍സ് കൂടി എത്തുന്നതോടെ സന്നിധാനത്ത് രണ്ട് ആംബലുന്‍സുകളുടെ സേവനം ലഭ്യമാകും.
