രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസ് വിതരണം ഡിസംബര്‍ 4ന് തുടങ്ങും. മുഖ്യവേദിയായ ടാഗോര്‍ തീയറ്ററില്‍ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌ക്കാരിക മന്ത്രി എ.കെ.ബാലന്‍ ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന് നല്കി പാസ് വിതരണം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നടന്‍ അലന്‍സിയര്‍, സംവിധായകരായ ടി.വി ചന്ദ്രന്‍, കെ.പി കുമാരന്‍, ഹരികുമാര്‍, ലെനിന്‍ രാജേന്ദ്രന്‍, ടി.കെ രാജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോര്‍ തിയേറ്ററില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതിക സഹായത്തിനുമുള്ള കൗണ്ടറുകള്‍ ഉള്‍പ്പെടെ പതിനാല് കൗണ്ടറുകളാണ് ഉണ്ടാവുക. ഡെലിഗേറ്റുകള്‍ക്ക് കാത്തുനില്‍ക്കേണ്ട അവസ്ഥ പരമാവധി ഒഴിവാക്കുവാനാണ് ഈ സംവിധാനം. വൈകുന്നേരം ഏഴു മണി വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുമായി എത്തി ഡെലിഗേറ്റുകള്‍ക്ക് പാസ് കൈപ്പറ്റാവുന്നതാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ ഡിസംബര്‍ 7 മുതല്‍ വിതരണം ചെയ്യും. അതിനായി പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പൊതുവിഭാഗത്തില്‍ പുതുതായി ലഭ്യമാക്കിയ ആയിരം പാസുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 11 മണി മുതല്‍ നടത്താം. ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.