നീതിന്യായ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കടലാസ് രഹിത കോടതികള്‍ എന്ന ലക്ഷ്യത്തിനായി ജില്ലയിലെ കോടതികള്‍ ഡിജിറ്റലൈസാവുന്നു. കോടതി നടപടികള്‍ പൂര്‍ണമായും കടലാസ് രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ കോടതിയെന്ന ആശയം പ്രാവര്‍ത്തികമാക്കുന്നത്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവുന്നതോടെ ഫയലിങ്, വിര്‍ച്ച്വല്‍ ഹിയറിങ് എന്നിവ സുതാര്യമായും സമയബന്ധിതമായും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഡിജിറ്റല്‍വത്കരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ഡിജിറ്റലൈസേഷന്‍ നടപ്പാക്കുന്നതോടെ പരമ്പരാഗത റെക്കോര്‍ഡ് റൂമുകളിലെ കേസ് കെട്ടുകളിലെ പൊടിപടലങ്ങളില്‍ നിന്നും ജീവനക്കാര്‍ക്ക് മോചനമാവുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി പഴയ രേഖകളുടെ ഡിജിറ്റല്‍വത്കരണം, സാക്ഷിമൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയ കോടതി നടപടികളില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ ഉറപ്പാക്കും. 2026 ജനുവരിയോടെ പൂര്‍ണ്ണമായും കടലാസ് രഹിത കോടതിയാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാന ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം 2025 ജനുവരി ഒന്ന് മുതല്‍ ജില്ലാ കേസ് മാനേജ്‌മെന്റ് സിസ്റ്റം മുഖേനയാണ് കോടതികളില്‍ കേസ് സ്വീകരിക്കുന്നത്. ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍ ജഡ്ജ് അയൂബ് ഖാന്‍, ഹൈക്കോടതി -ജില്ലാ ജഡ്ജ് ഇന്‍-ചാര്‍ജ് മുരളി പുരുഷോത്തമന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരായ ടി. ജെ സുന്ദര്‍ റാം, പി.ഡി സജി, എന്‍.കെ വര്‍ഗ്ഗീസ്, പി സുനില്‍ കുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ബി അനൂപ്, ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ കൃഷണകുമാര്‍ എന്നിവര്‍ സംസാരിച്ചു.