റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ സമയബന്ധിതമായി പരിഗണിച്ച് പൂര്‍ത്തീകരിക്കുമെന്ന് ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി സാദിഖ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയുടെ അതിര്‍ത്തികള്‍ ചുറ്റുമതില്‍ നിര്‍മിച്ച് സംരക്ഷിച്ചിട്ടുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മിനിസിവില്‍ സ്റ്റേഷന് മുന്നിലെ പിഡബ്ല്യുഡി റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിനുള്ളിലേക്ക് വരുന്ന വാഹനങ്ങള്‍ കയറ്റുന്നതിനായി സൗകര്യപ്രദമായ രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പി.ഡബ്ല്യു.ഡി നിരത്ത്് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ രമ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ.ശര്‍മിള ദാസ്, എ.പുരുഷോത്തമന്‍, വനം, ഇറിഗേഷന്‍ ,ആരോഗ്യം, സിവില്‍ സപ്ലൈസ്, ലേബര്‍ ഓഫീസ്, വാട്ടര്‍ അതോറിറ്റി, ഐ.സി.ഡി.എസ്, വെറ്റിനറി, ലീഗല്‍ മെട്രോളജി, കെ.എസ്.ഇ.ബി, സബ് രജിസ്ട്രാര്‍ ഓഫീസ്, ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മണ്ണ് സംരക്ഷണം, വിദ്യാഭ്യാസം, പഞ്ചായത്ത്, താലൂക്ക്, ഇന്‍ഡസ്ട്രീസ്, എക്സൈസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരും വികസനസമിതി യോഗത്തില്‍ പങ്കെടുത്തു.