വയനാട് ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ജില്ല മികച്ച വികസന കുതിപ്പാണ് സാധ്യമാക്കിയതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ജില്ലാ പ്ലാനിങ് ഓഫീസ് കളക്ട്രേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ആസൂത്രണ സമിതി ജില്ലാ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വിഷൻ 2031 വികസന സെമിനാറിലൂടെ കേരളത്തിന്റെ വികസന കാഴ്ചപ്പാട് രൂപീകരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വിവിധ ഉപസമിതികള്‍ തയ്യാറാക്കിയ ജില്ലാ പദ്ധതി കരട് രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു. സമഗ്ര വികസനവും വികസന വിടവുകൾ കണ്ടെത്തി മുൻഗണന പദ്ധതികൾ ഉൾപെടുത്തിയാണ് കരട് പദ്ധതി രൂപീകരിച്ചത്. സെമിനാറിൽ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിക്കും. വിവിധ വിഷയങ്ങളിൽ ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ അധ്യക്ഷതയിൽ അതത് മേഖലകളിലെ ജില്ലാതല വിദഗ്ധര്‍ വൈസ് ചെയർമാനും ജില്ലാതല ഉദ്യോഗസ്ഥർ കൺവീനറുമായി രൂപീകരിച്ച 26 ഉപസമിതികളാണ് ജില്ലാ പദ്ധതിയുടെ കരട് തയ്യാറാക്കിയത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിനോദ് കുമാർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമൻ, കെ. വിജയൻ, എ.എൻ സുശീല, ഉഷ തമ്പി, കെ.ബി നസീമ, അമൽ ജോയ്, എൻ.സി പ്രസാദ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കമാലുദ്ദീൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ കെ.എസ് ശ്രീജിത്ത്, ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
