പത്തനംതിട്ട: പെണ്‍കുട്ടികളില്‍ ആത്മവിശ്വാസവും കായികവും, മാനസികവുമായ ആരോഗ്യവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പരിശീലന പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. കീഴ്വായ്പൂര് ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ സ്വയംപ്രതിരോധശേഷി വികസിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ.മാത്യു.ടി.തോമസ് എംഎല്‍എ നിര്‍വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അധ്യക്ഷയായി.
ജില്ലയിലെ 58 പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ആറ് മുതല്‍ 12 ക്ലാസുവരെയുള്ള പെണ്‍കുട്ടികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരാട്ടെ, കളരി, തായ്ക്കോണ്ട, കുങ്ഫൂ, നീന്തല്‍, സൈക്ലിംഗ്, സുംബ, ജൂഡോ, വുഷു തുടങ്ങിയ ഇനങ്ങളില്‍ ഒരെണ്ണം ഓരോ സ്കൂളിനും തെരഞ്ഞെടുക്കാം. ആകെ 25 മണിക്കൂറുകള്‍ ഓരോ സ്കൂളും പ്രത്യേക പരിശീലനം നല്‍കും. 9000 രൂപ സമഗ്രശിക്ഷ കേരള ഇതിനായി സ്കൂളുകള്‍ക്ക് അനുവദിച്ചു കഴിഞ്ഞു.
പെണ്‍കുട്ടികളുടെ സ്വയംപ്രതിരോധശേഷി വര്‍ധിപ്പിക്കുക, ശാരീരികവും, മാനസീകവുമായ ശാക്തീകരണം ഉറപ്പാക്കുക, തുല്യതാബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി സമഗ്രശിക്ഷ പത്തനംതിട്ട നടപ്പാക്കുന്ന പദ്ധതിയാണ് ‘സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ്’. ജീവിതത്തോടുള്ള സമീപനം കൂടുതല്‍ ഗുണാത്മകമാക്കുവാനും വ്യക്തിത്വഘടനയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കുന്നതിനും ഈ പരിശീലനത്തിന് കഴിയും. പെണ്‍കുട്ടികളുടെ ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനും,അവരില്‍ ശക്തി, വേഗത, ആത്മവിശ്വാസം, പ്രവര്‍ത്തനക്ഷമത തുടങ്ങിയവ വളര്‍ത്തുന്നതിനും ഈ പരിശീലനം സഹായകമാണ്.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവല്‍ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച കുട്ടികളെ മെമെന്റോ നല്കി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം എസ്.വി സുബിന്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന് നടുവിലെമുറി, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സമഗ്രശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്.വിജയമോഹനന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി, മല്ലപ്പള്ളി ബി.പി.ഒ കെ.രവികുമാര്‍.കെ എന്നിവര്‍ പ്രസംഗിച്ചു.