പത്തനംതിട്ട: പ്രളയം തകര്‍ത്ത വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന രണ്ട് വീടുകളുടെ തറക്കല്ലിടില്‍ നടന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ തറക്കല്ലിടില്‍ കര്‍മ്മം നിര്‍വഹിച്ചു. പത്താം വാര്‍ഡിലെ കുന്നത്തുകര കടവണ്‍ എള്ളുവിള എ.ജോണ്‍, മൂന്നാം വാര്‍ഡിലെ മേലുകര തേവര്‍ത്തോട്ടത്തില്‍ അജിത.ബി.പിള്ള എന്നിവരുടെ വീടുകള്‍ക്കാണ് ഇന്നലെ തറക്കല്ലിട്ടിത്. പഞ്ചായത്തിലെ ഇരുപത്തിയൊന്ന് വീടുകളാണ് പ്രളയത്തില്‍ നഷ്ടമായത്. ഇതില്‍ പതിനൊന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സഹായധനമായ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ്. ഇതിന്റെ ആദ്യഗഡുവായ 95100 രൂപ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയിട്ടുണ്ട്. നാല് വീടുകള്‍ മുത്തൂറ്റ് ഗ്രൂപ്പാണ് പണിത് നല്‍കുക. ബാക്കിയുള്ള ആറ് വീടുകള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാകും നിര്‍മ്മിച്ച് നല്‍കുക. എല്ലാ വീടുകളുടേയും നിര്‍മാണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാര്‍, പഞ്ചായത്തംഗങ്ങളായ മോളി ജോസഫ്, സാറാമ്മ ഷാജന്‍, കെ.കെ റോയ്സണ്‍, ക്രിസ്റ്റഫര്‍ ദാസ്, സുമിത ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.