സ്വന്തമായുള്ള 50 സെന്റില്‍ ഹൈടെക് കൃഷി പരീക്ഷിച്ച് ദമ്പതികള്‍. അടൂര്‍ ഏനാദിമംഗലം പഞ്ചായത്തിലെ മാരൂര്‍ വാഴവളയില്‍ ആനന്ദരാജും ഭാര്യ ഷൈനിയുമാണ് ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംങുമായി (കൃത്യത കൃഷിരീതി) രംഗത്തെത്തിയിരിക്കുന്നത്. കാടുപിടിച്ച് കിടന്ന സ്ഥലം വൃത്തിയാക്കിയെടുത്ത് റബറിനും കാപ്പിക്കും ഇടവിളയായാണ് ആദ്യം ചെറിയ തോതില്‍ കൃഷി ആരംഭിച്ചത്. ഏനാദിമംഗലം കൃഷി ഓഫീസര്‍ ഷിബിന ഇല്യാസ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ കെ. സുരേഷ്‌കുമാര്‍, രാജേഷ് ചന്ദ്ര എന്നിവരുടെ പിന്തുണയോടെയാണ് കൃത്യത കൃഷിരീതി പരീക്ഷണം നടത്തുന്നത്. പ്രവാസിയായ ആനന്ദ് രാജ് വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച കൃഷി അറിവുകള്‍ ചേര്‍ത്താണ് സ്വന്തമായി കൃഷി പരീക്ഷണം നടത്തിയത്. പച്ചമുളക്, വെണ്ട, കോളിഫ്ളവര്‍, കാബേജ്, അമരപയര്‍, കുറ്റിപയര്‍, വള്ളിപയര്‍, ഉണ്ടമുളക് എന്നിവയാണ് കൃഷി ചെയ്തിരിക്കുന്നത്. തികച്ചും ജൈവരീതിയിലാണ് കൃഷി. ചകരിച്ചോറും ജീവാണുവളവുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. അധ്വാനം, വളം, വെള്ളം എന്നിവ പരമാവധി കുറച്ച് ഉല്‍പ്പാദനം കൂട്ടാനുള്ള ഉത്തമമായ മാര്‍ഗമാണിതെന്ന് ഏനാദിമംഗലം കൃഷി ഓഫീസര്‍ ഷിബിന ഇല്യാസ് പറഞ്ഞു. ഓരോ തുള്ളി വെള്ളവും വേരുപടലത്തില്‍ തന്നെ എത്തിക്കാന്‍ കഴിയുന്നുവെന്ന് മാത്രമല്ല വെള്ളത്തോടൊപ്പം വളവും കൃഷിയ്ക്ക് അനുയോജ്യമായ സൂര്യപ്രകാശം ലഭിക്കുന്ന ഏത് സ്ഥലവും തിരഞ്ഞെടുക്കാനാകുമെന്നതാണ് ഈ കൃഷിയുടെ പ്രത്യേകത. മണ്ണ് നന്നായി ഇളക്കിയ ശേഷം ഒരു മീറ്റര്‍ വീതിയും 15 സെന്റിമീറ്റര്‍ ഉയരവുമുള്ള പണകള്‍ തയാറാക്കണം. ഇതിന് ശേഷം മണ്ണില്‍ കുമ്മായമിട്ട് ഇളക്കണം. തിരഞ്ഞെടുക്കുന്ന പച്ചക്കറിയുടെ വളര്‍ച്ചാരീതിയ്ക്ക് അനുസരിച്ച് ഡ്രിപ്പ് ലൈനര്‍ ഇട്ടുകൊടുക്കണം. കുമ്മായമിട്ട് ഏഴ് ദിവസം കഴിഞ്ഞ് പണയുടെ മുകളിലായി പ്ലാസ്റ്റിക് ഷീറ്റ് വിരിയ്ക്കുക. ഡ്രിപ്പുകള്‍ വരുന്ന സ്ഥലങ്ങളില്‍ രണ്ടിഞ്ച് വ്യാസത്തിനുള്ള തുളയിട്ട് പച്ചക്കറി തൈകള്‍ നട്ടുതുടങ്ങാം. ഇതാണ് കൃഷിരീതി. കൃഷി പൂര്‍ണ വിജയമായാല്‍ ഏനാദിമംഗലം പഞ്ചായത്തില്‍ മുഴുവന്‍ നൂതന കൃഷി വ്യാപിപ്പിക്കാനും കൃഷി വകുപ്പ് പദ്ധതിയിടുന്നുണ്ട്.