ആയുര്‍വേദത്തിന്റെ ജനപ്രീതി നാള്‍ക്കുനാള്‍ കൂടിവരുന്നതിന്റെ തെളിവാണ് കേരള പവലിയിനിലെ ഔഷധി വില്‍പ്പനശാലയിലെ ജനത്തിരക്ക്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഔഷധി പുറത്തിറക്കുന്ന 40 ലേറെ ആയുര്‍വേദ മരുന്നുകള്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇരുപത്തിയാറാം നമ്പര്‍ സ്റ്റാളിലാണ് ഔഷധിയുടെ വില്‍പ്പന കേന്ദ്രം. വിവിധ തരം ലേഹ്യം, തൈലം, ഗുളിക, അരിഷ്ടം എന്നിവയൊക്കെ ലഭ്യമാണ്. എല്ലാ ഉത്പന്നങ്ങള്‍ക്കും 10 ശതമാനം വിലക്കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്.

ഊര്‍ജവും ഉന്മേഷവും പകരുന്ന ബലാരിഷ്ടം, വിശപ്പ് കൂട്ടി ശരീരപുഷ്ടി പ്രദാനം ചെയ്യുന്ന ദശമൂലാരിഷ്ടം, ദഹനം മെച്ചപ്പെടുത്തുന്ന ജീരകാരഷ്ടം, മൂലക്കുരു, മലബന്ധം എന്നിവയ്ക്ക് ആശ്വാസം നല്‍കുന്ന അഭയാരിഷ്ടം എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അര ലീറ്ററിനു 85 രൂപ മുതല്‍ 140 രൂപ വരെയാണ് വില. ശിശുക്കളുടെ ചര്‍മ്മ സംരക്ഷണത്തിന് ഒൗഷധി ബേബി ഒായില്‍ വാങ്ങി ഉപയോഗിക്കാം. തൈലങ്ങളില്‍ കൊട്ടംചുക്കാതിയ്ക്കും കര്‍പ്പൂരാദിയ്ക്കും മുറിവെണ്ണയ്ക്കുമാണ് ആവശ്യക്കാര്‍ കൂടുതലായി എത്തുന്നത്.ചതവ്, മസില്‍ വേദന , ഉളുക്ക് എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഉത്തമമാണ് മുറവെണ്ണ. 200 മില്ലിലീറ്ററിന് 140 രൂപ മുതല്‍ 165 രൂപ വരെയാണ് വില. ലൈംഗികശേഷി വര്‍ധിപ്പിക്കാനും ബലക്കുറവ് പരിഹരിക്കുന്നതിനും ഔഷധി പുറത്തിറക്കിയ മരുന്നായ അശ്വഗന്ധാദി ലേഹ്യവും വില്‍പ്പനയ്ക്കുണ്ട്.

സ്വര്‍ണ്ണം ചേര്‍ത്തുണ്ടാക്കിയ ആയുര്‍വേദ മരുന്നാണ് ഔഷധിയുടെ സരസ്വതാരിഷ്ടം. ഓര്‍മ്മ കൂട്ടാനും മാനസിക നില മെച്ചപ്പെടുത്തുന്നതിനും ഉപയോഗിക്കാം. 10 മില്ലീലീറ്റര്‍ കുപ്പിയില്‍ ലഭിക്കുന്ന ഈ മരുന്ന് മുതിര്‍ന്നവര്‍ക്ക് 4-8 തുള്ളി പാലില്‍ ചേര്‍ത്ത് സേവിക്കാം. ആസ്ത്മ, ചുമ, വാതസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ശമനത്തിന് ദശമൂലരസായനം ഉപയോഗിക്കാം.