പട്ടികവർഗ വികസന വകുപ്പിന്റ സംസ്ഥാന സ്‌കൂൾ കലോത്സവമായ സർഗോത്സവം വരും വർഷങ്ങളിലും കൂടുതൽ ഭംഗിയായി നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർഗോത്സവം കണ്ടവർക്കെല്ലാം ഈ കലാമേളയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ സർഗോത്സവം 2018 വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാപന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ ഹർഷാരവത്തോടെയാണു സദസ് വരവേറ്റത്. കലാമേളയിൽ ഓവറോൾ ചാംപ്യന്മാരായ തിരുവനന്തപുരം കട്ടേല എം.ആർ.എസ്. ടീമും റണ്ണറപ്പായ ഐ.ടി.ഡി.പി അട്ടപ്പാടി, എം.ആർ.എസ്. കാസർഗോഡ് എന്നിവരും മുഖ്യമന്ത്രിയിൽനിന്നു ട്രോഫി ഏറ്റുവാങ്ങി. കലാതിലകം, കലാപ്രതിഭ പട്ടം നേടിയവർക്കും മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
സർഗോത്സവം തുടങ്ങിയ ശേഷമുള്ള ഏറ്റവും മികച്ച കലാമേളയാണു തിരുവനന്തപുരത്തു നടന്നതെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ മന്ത്രി എ.കെ ബാലൻ പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തെ കടത്തിവെട്ടുന്ന പ്രകടനങ്ങളായിരുന്നു പലതും. അടുത്ത വർഷവും അതിഗംഭീരമായി സർഗോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിശയിപ്പിക്കുന്ന കലാപ്രകടനങ്ങളായിരുന്നു സർഗോത്സവം 2018ന്റെ വേദികൾ കണ്ടതെന്നു ചടങ്ങിൽ പങ്കെടുത്ത ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇനിയുള്ള സർഗോത്സവങ്ങളും പതിന്മടങ്ങു ഭംഗിയായി നടത്താൻ കഴിയണം. പട്ടികവിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധവയ്ക്കുന്നുന്നെും അദ്ദേഹം പറഞ്ഞു.
എ. സമ്പത്ത് എം.പി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുഗഴേന്തി, പട്ടികവർഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരൻ കാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.