സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ ഹരിതചട്ടം കർശനമാക്കും. കല്യാണ മണ്ഡപങ്ങളും നഗരസഭ ടൗൺഹാളും ഇതിലുൾപ്പെടും. ഇതിന്റെ ഭാഗമായി നഗരസഭ പരിധിയിലെ ഓഡിറ്റോറിയം ഉടമകളുടെയും കാറ്ററിങ് യൂണിറ്റ് നടത്തുന്നവരുടെയും യോഗം ചെയർമാൻ ടി.എൽ. സാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു.
പ്ലാസ്റ്റിക് കുപ്പികൾ, ഐസ്‌ക്രീം കപ്പ്, പ്ലാസ്റ്റിക് സ്പൂണുകൾ, നിരോധിത കാരിബാഗുകൾ, മേശപ്പുറത്ത് വിരിക്കുന്ന പ്ലാസ്റ്റിക് വിരി, ഡിസ്‌പോസിബിൾ പ്ലേറ്റ്, പ്ലാസ്റ്റിക് സ്‌ട്രോ എന്നിവ കർശനമായി ഒഴിവാക്കും.
സ്റ്റീൽ പ്ലേറ്റ്, കുപ്പി ഗ്ലാസുകൾ, സെറാമിക് പ്ലേറ്റ്, ഫൈബർ പ്ലേറ്റ് എന്നിവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഓഡിറ്റോറിയം ഉടമകൾ, കാറ്ററിങ് നടത്തിപ്പുകാർ ഇക്കാര്യങ്ങൾ ഉറപ്പാക്കണം. ഓഡിറ്റോറിയം, കാറ്ററിങ് ഉടമകൾ കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണം. ഹരിതചട്ടം സംബന്ധിച്ച നിബന്ധനകൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കണം. നഗരസഭ ലൈസൻസ് ഇല്ലാതെ ഓഡിറ്റോറിയങ്ങളും കാറ്ററിങ് സർവീസ് ഉടമകളും അടിയന്തരമായി ലെസസൻസ് എടുക്കണം. പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന രീതിയിൽ പ്രവർത്തിക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾക്കെതിരേയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്നു നഗരസഭ സെക്രട്ടറി എൻ.കെ. അലി അസ്ഹർ അറിയിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ബാബു അബ്ദുൽ റഹ്മാൻ, ഹെൽത്ത് ഇൻസ്‌പെക്ടർ തുളസീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എസ്. സുധീർ, ബി. മനോജ്, ടി. അംബിക എന്നിവർ പങ്കെടുത്തു.