സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് 2025 അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ സുനില്‍കുമാര്‍ പതാക ഉയര്‍ത്തി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. പി. പ്രേംനാഥ് ഭിന്നശേഷി വ്യക്തികളുടെ അവകാശനിയമം 2016 എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കലാകായികമേളയും നടത്തി. സമാപന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു.
ഭിന്നശേഷിയെ ഉള്‍ചേര്‍ക്കുന്ന സമൂഹം മെച്ചപ്പെട്ട സാമൂഹ്യ പുരോഗതിക്ക് എന്നതാണ് 2025ലെ ഭിന്നശേഷി ദിനാചരണ പ്രമേയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഭിന്നശേഷി സന്നദ്ധ സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഭിന്നശേഷി ദിനാചരണം നടത്തിയത്.
ധോണി ലീഡ് കോളേജില്‍ നടന്ന പരിപാടിയില്‍ 700 പേര് രജിസ്റ്റര്‍ ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ജി രാഗപ്രിയ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി.വി സതിദേവി, ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ കെ. തോമസ് ജോര്‍ജ്, ജില്ലാ കെ.എസ്.എസ്.എം കോര്‍ഡിനേറ്റര്‍ മൂസപതിയില്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
