കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനം ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗോത്ര മേഖലയിലെ കുട്ടികളുടെ വിവിധ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് കൃത്യമായ നിയമ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം നല്‍കുന്നതിനും കുട്ടികള്‍ നേരിടുന്ന വിവിധ സാമൂഹിക മാനസിക പ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിനുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

കുട്ടികള്‍ക്കുവേണ്ടിയുള്ള സംരക്ഷണ നിയമങ്ങളെ ആസ്പദമാക്കി ബാലാവകാശ കമ്മീഷന്‍ അംഗം കെ കെ ഷാജു, തദ്ദേശീയരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും സംവിധാനങ്ങളും എന്ന വിഷയത്തില്‍ പാലക്കാട് ജില്ലാ ചൈല്‍ഡ് ലൈന്‍ സൂപ്പര്‍വൈസര്‍ ആഷ്‌ലിന്‍ ഷിബു, ശൈശവ വിവാഹം, ബാലവേല- നിയമപരമായ ഉത്തരവാദിത്തം എന്ന വിഷയത്തെ ആസ്പദമാക്കി കില റിസോഴ്‌സ് പേഴ്‌സണ്‍ സി കെ ദിനേശന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

താവളം സീങ്കര അട്ടപ്പാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷനില്‍ നടന്ന പരിപാടിയില്‍ ബി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രമ, അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് വി സുരേഷ്‌കുമാര്‍, അട്ടപ്പാടി സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. പോള്‍ പാറയില്‍, ബാലാവകാശ കമ്മീഷന്‍ പോക്‌സോ സെല്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ മോനിഷ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.150 ഓളം പ്രമോട്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം ഡിസംബര്‍ 6ന് അവസാനിക്കും.