രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ സ്‌കില്‍ വികസന പദ്ധതി പദ്ധതി നടപ്പാക്കി വയനാട് ജില്ല. ജില്ലയിലെ തെരഞ്ഞെടുത്ത ഒൻപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, യൂണിസെഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി നിർവഹിച്ചു.
പരിസ്ഥിതിലോല പ്രദേശങ്ങളിലുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ക്കുന്ന സാഹചര്യം പരിഗണിച്ചാണ് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ സ്‌കില്‍ പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിടുന്ന കോഴ്‌സുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തി.
പ്രാദേശികമായ വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളെ അടിസ്ഥാനമാക്കി വിദ്യാർഥികൾ പഠനം നടത്തുകയും പരിഹാരങ്ങൾ പഞ്ചായത്തുതല സമിതികളിൽ സമർപ്പിക്കുകയും ചെയ്തു. ഗ്രീൻ അംബാസഡർമാരായി വിദ്യാർഥികൾ ഉദ്ഘാടന ചടങ്ങിൽ പ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റെടുത്തു. ഹരിത കേരള മിഷന്റെ സഹകരണത്തോടെ വിദ്യാലയങ്ങളിൽ ഹരിത ഓഡിറ്റിങ് നടത്തി ഹരിത വിദ്യാലയ പ്രഖ്യാപനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വൊക്കേഷണൽ ഹയർ സെക്കൻഡറി അഗ്രികൾച്ചർ, ടൂറിസം സെക്ടറുകളിൽ വരുന്ന കോഴ്‌സുകളെ അടിസ്ഥാനമാക്കിയുള്ള ഹരിത ഓഡിറ്റ് നടത്തി ബദൽ നിര്‍ദേശങ്ങൾ സമര്‍പ്പിക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ. ബദൽ നിര്‍ദേശങ്ങൾ ഉൾപ്പെടുത്തി പ്രായോഗിക പരിശീലനവും നടത്തി. പദ്ധതിയിലൂടെ വിദ്യാർഥികൾ ഹരിത സംരംഭകത്വത്തിനുള്ള അവസരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. അമ്പലവയല്‍, കല്‍പ്പറ്റ, മുട്ടില്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വാകേരി, കരിങ്കുറ്റി, വെള്ളാര്‍മല, വേലിയമ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.
കാലാവസ്ഥാ വ്യതിയാനം, വിഭവ ശോഷണം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഗ്രീന്‍ സ്‌കില്‍ നേടിയ വിദ്യാര്‍ത്ഥിക്ക് പ്രായോഗിക പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കും. ഗ്രീന്‍സ് സ്‌കില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികളിലൂടെ പാരിസ്ഥിതിക ആഘാതം കുറച്ച് ദൈനംദിന ജീവിതത്തില്‍ സുസ്ഥിരമായ രീതികള്‍ പ്രോത്സാഹിപ്പിക്കാന്‍ സമൂഹത്തെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കിയത്. വിദ്യാർഥികൾ വിദ്യാലയങ്ങളിൽ നടത്തിയ പ്രവർത്തങ്ങളിൽ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനം, സെമിനാർ, പാനൽ ചർച്ച, ഹരിത സംരംഭകത്വം എന്ന വിഷയത്തിൽ പരിശീലനം എന്നിവ സംഘടിപ്പിച്ചു.
സുൽത്താൻ ബത്തേരി അധ്യാപകഭവനിൽ നടന്ന പരിപാടിയിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ ജയപ്രകാശ് അധ്യക്ഷനായി. എസ്.എസ്.കെ സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ. എ.ആർ സുപ്രിയ, അഡിഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ കെ.എസ് ശ്രീകല, എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ബി ഷാജി, സംസ്ഥാന പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, കരിക്കുലം ഡെപ്യൂട്ടി ഡയറക്ടർ എം. ഉബൈദുള്ള, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ വി.ആർ അപർണ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഡി.ഇ.ഒ സി.വി മൻമോഹൻ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ വി. അനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം സെബാസ്റ്റ്യൻ, വിദ്യാകിരണം കോഓർഡിനേറ്റർ വിൽസൺ തോമസ്, എസ്.എസ്.കെ ഡി.പി.ഒമാരായ എൻ.ജെ ജോൺ, പി.ജെ ബിനേഷ്, കെ.ആർ രാജേഷ്, ദിലിൻ സത്യനാഥ്, എസ്.ഡി.സി സോണൽ കോഓർഡിനേറ്റർ ദിലിൻ സത്യനാഥ്, ബി.പി.സിമാരായ കെ.കെ സുരേഷ്, ടി. രാജൻ, പി. ഉമേഷ്, എ.ഇ.ഒ ഷിജിത, ഡോ. എസ്അഭിലാഷ്, എച്ച്.എസ്.എസ് കോഓർഡിനേറ്റർ എം.കെ ശിവി, വി.എച്ച് കോഓർഡിനേറ്റർ ബിനുമോൾ ജോസ്, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
