തെറ്റുപറ്റുന്നവര്‍ക്ക് അതുതിരുത്താനാകുന്ന സാഹചര്യമൊരുക്കുക സുപ്രധാനമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാ ജയില്‍ അങ്കണത്തില്‍ ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസിക പരിവര്‍ത്തനത്തിനുള്ള അവസരമാക്കി ജയില്‍വാസം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളില്‍നിന്ന് അകലുന്നതിനും പൊതുസമൂഹത്തിന്റെ ഭാഗമായി തുടരുന്നതിനുമുള്ള തിരുത്തല്‍കേന്ദ്രങ്ങളാണ് ജയിലുകള്‍ എന്നും പറഞ്ഞു.
എം.നൗഷാദ് എംഎല്‍എ അധ്യക്ഷനായി. കലാ-കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം. നൗഷാദ്, റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.അജിത്ത് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.ശ്രീഹരി, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍.ശരത്ത്, ജില്ലാ ട്രഷറി ഓഫീസര്‍ എസ്.ബിജിദാസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ആര്‍.രമ്യ, ടൗണ്‍ യു.പി സ്‌കൂള്‍ പ്രധാനാദ്ധ്യാപിക ടി.വിനു, കെജെഎസ്ഒഎ മേഖല കമ്മിറ്റി അംഗം മിറാഷ് റഷീദ്, ജില്ലാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ജി.എസ്.സ്‌നേഹ തുടങ്ങിയവര്‍ പങ്കെടുത്തു.
