ആലപ്പുഴ: കലോത്സവത്തിന്റെ നടത്തിപ്പുകാരന്റെ റോളിലായിരുന്നു ഇന്നലെ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ. കലോൽസവം സ്വാഗതസംഘം അധ്യക്ഷനായ മന്ത്രി അതിരാവിലെ തന്നെ പ്രധാന വേദിയായ ലിയോതേർട്ടീന്തിലെത്തി അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് വിവിധ വേദികളിലും അദ്ദേഹം സന്ദർശനം നടത്തി. ഇടയ്ക്ക് ചില പൊതുപരിപാടികൾക്ക് പോയതൊഴിച്ചാൽ ഏറെക്കുറേ എല്ലാ സമയവും അദ്ദേഹം കലോത്സവത്തിന്റെ നടത്തിപ്പുകൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് രംഗത്തുണ്ടായിരുന്നു.
ലിയോതേർട്ടീന്തിലെ മീഡിയ പവലിയനുകളിലും സംഘാടക സമിതിയുടെ ഓഫീസിലും കുടിവെള്ള വിതരണ പവലിയനിലും മന്ത്രി പരിശോധന നടത്തി. ഇതിനിടെ പോലീസിന്റെ ആഭിമുഖ്യത്തിൽ ലിയോതേർട്ടീന്ത് സ്‌കൂളിൽ നടക്കുന്ന പ്രദർശന സ്‌ററാൾ മന്ത്രി സന്ദർശിച്ചു. വിവിധ തരം തോക്കുകളും പോലീസിന്റെ ആയുധങ്ങളും ഇവിടെ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഉച്ചയോടെ ഇ.എം.എസ്.സ്റ്റേഡിയത്തിലെത്തി ഊണ് കഴിച്ചു. കലവറയിലെ പ്രവർത്തനങ്ങൾ ഏറെ മികച്ചതാണെന്നും ഭക്ഷണം ഏറെ രുചിപ്രദമാണെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിന് ശേഷം ആലപ്പുഴയിൽ നടക്കുന്ന കലോത്സവം ചരിത്രത്തിന്റെ ഭാഗമാകാൻ പോവുകയാണെന്ന് മന്ത്രി പറഞ്ഞു. പ്രളയകാലത്ത് കുട്ടനാട്ടിൽ നിന്ന് പൂർണമായി നമുക്ക് ആളെ ഒഴിപ്പിക്കേണ്ടി വന്നു. അതിനെയെല്ലം പെട്ടെന്ന് അതിജീവിക്കാൻ നമുക്കായി . പ്രതീക്ഷിച്ചതിലും മെച്ചമാണ് കലോത്സവത്തിന്റെ സംഘാടനമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങുപോലും ഒഴിവാക്കി സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സുധാകരൻ കലോത്സവ വേദികളിൽ ഉണ്ടാകും. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മേള തുടങ്ങുന്നതിന് തലേന്നുതന്നെ ജില്ലയിലെത്തിയിരുന്നു. വിവിധ ചടങ്ങുകളുടെ നടത്തിപ്പും വേണ്ട നിർദ്ദേശങ്ങൾ നൽകിയും അദ്ദേഹം സജീവ സാന്നിധ്യമാണ്. ധനമന്ത്രി തോമസ് ഐസക്കും ഇന്നലെ കലോത്സവ വേദിയിലെത്തിയിരുന്നു. മന്ത്രിമാർക്കൊപ്പം സെൽഫിയെടുക്കാനും മറ്റും വിദ്യാർഥികളുടെ തിരക്കും കാണാമായിരുന്നു.

TEAM PRD PRISM , ALAPPUZHA