അമ്പലപ്പുഴ : അരൂർ മുതൽ ആറാട്ടുപുഴ തെക്ക് വരെയുള്ള തീരദേശ റോഡിനായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എല്ലാവരും സഹകരിച്ചാൽ അത് യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും പൊതുമരമത്ത്-രജിസ്ട്രഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കരൂർ ന്യൂ ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് പണിക്കാവശ്യമായ സ്ഥലം സ്വമേധയ എല്ലാവരും നൽകണമെന്നും റോഡിന് വേണ്ടി ആരെയും നിർബന്ധപൂർവം ഒഴിപ്പിക്കില്ല എന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ നേത്ര രോഗം, ജനറൽ മെഡിസിൻ, ത്വക്ക് രോഗം, ദന്ത രോഗം, ശിശുരോഗം, ഗൈനക്കോളജി രോഗം തുടങ്ങിയ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മരുന്നും നൽകി. ക്യാമ്പിൽ 200ഓളം പേർ പങ്കെടുത്തു.

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കൽ അധ്യക്ഷത വഹിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ. ടി. മാത്യു, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. സിയാർ, ആലപ്പുഴ ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ കെ.നൗഷർഖാൻ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

ചേർത്തല മണ്ഡലത്തിന് മാത്രമായി പൊതുമരാമത്ത് അനുവദിച്ചത് 234 കോടി
-മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ചേർത്തല മണ്ഡലത്തിൽ മാത്രം 234 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പിന്റെ വികസന പദ്ധതികളാണ് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് -രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. 9.83 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മാണം പൂർത്തീകരിച്ച ചേർത്തലയിലെ 11 നഗര റോഡുകളുടെയും പഴയ ദേശീയപാതയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാരിനെ സംബന്ധിച്ചിടത്തോളം വികസനമാണ് മുഖ്യ അജണ്ട. ദേവാലയങ്ങളിൽ സമരം നടത്തുന്നതിനാണ് ഒരുവിഭാഗത്തിന് താൽപര്യം. എന്നാൽ സർക്കാരിനെ സംബന്ധിച്ച് ജനനന്മയ്ക്കാണ് പ്രാധാന്യം നൽകുന്നത്. കേന്ദ്ര-സംസ്ഥാന ബന്ധം നിലനിർത്തുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഒരു വിഭാഗം കേന്ദ്ര സർക്കാരിന് മേൽ നടത്തുന്ന പ്രലോഭനങ്ങളെ സർക്കാർ തുറന്നുകാണിക്കും. പതിനായിരം കോടി രൂപയോളം വിദേശ ധനസഹായമാണ് കേന്ദ്രസർക്കാർ തടഞ്ഞത്. എങ്കിലും സർക്കാർ സംയമനത്തോടെയാണ് കാര്യങ്ങളെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. അർത്തുങ്കൽ ഹാർബർ മേജർ ഹാർബർ എന്നനിലയിൽ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തിവരുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ചേർത്തല- കുറുപ്പംകുളങ്ങര റോഡ്, മുട്ടത്തിപ്പറമ്പ് -പതിനൊന്നാം മൈൽ റോഡ്, തുടങ്ങി ചേർത്തലയിലെ പ്രധാനപ്പെട്ട എല്ലാ റോഡുകളും ആധുനിക നിലവാരത്തിൽ പുനർനിർമ്മിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. രാഴ്ചയ്ക്കുള്ളിൽ മനോരമ കവലയുടെ വികസനത്തിനാവശ്യമായ രേഖകളെല്ലാം സർക്കാരിനു കൈമാറാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ചേർത്തല – അർത്തുങ്കൽ, ചേർത്തല-കുറുപ്പം കുളങ്ങര, ചേർത്തല-തിരുവിഴ എന്നി
റോഡുകളുടെ ദേശീയ പാത 66 വരെയുള്ള ഭാഗം, നടക്കാവ് റോഡ്, അപ്‌സര ജംഗ്ഷൻ മുതൽ മുട്ടം ബസാർ വരെയുള്ള റോഡ്, മുട്ടം ബസാർ വടക്കു ഭാഗം മുതൽ കന്നിട്ട കലിങ്ക് വരെയുള്ള റോഡ്, പഴയ ദേശീയ പാത മൂലേപ്പള്ളി ജംഗ്ഷൻ മുതൽ ദേശീയപാത 66 വരെയുള്ള റോഡ്, ഇരുമ്പ് പാലം മുതൽ സെന്റ് മേരീസ് പാലം വരെയുള്ള റോഡ്,ചേർത്തല ടൗൺ എൽ.പി സ്‌കൂൾ മുതൽ ഗവ. ആശുപതി ജ്ഗഷൻ വരെയുള്ള റോഡ്,റസ്റ്റ് ഹൗസ് റോഡ്, കോടതിക്കവല മുതൽ പൂത്തോട്ട പാലം വരെയുള്ള റോഡ് എന്നിവയാണ് പുനർ നിർമിച്ചത്. 8.68 കിലോമീറ്റർ നീളം വരുന്ന റോഡുകളാണിത്. ആധുനിക നിലവാരത്തിലുള്ള റോഡ് നിർമാണമാണ് നടത്തിയത്. മുട്ടം മാർക്കറ്റിന് സമീപം രുകലിങ്കുകൾ പുതുക്കിപ്പണിയുകയും ചെയ്തു. ദേശിയ പാത 66 ലെ ഒറ്റപ്പുന്ന ജംങ്ഷനിൽ നിന്നും തുടങ്ങി കോടതിക്കവല വഴി എക്‌സ് റേ ജങ്ങ്ഷനിൽ അവസാനിക്കുന്ന പഴയ ദേശീയ പാത നവീകരിച്ചത് 4.18 കിലോമീറ്റർ വരുന്നതാണ്.

കെ.എസ്.സി.എം.എം.സി ചെയർമാൻ കെ.പ്രസാദ്, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, നഗരസഭാംഗങ്ങളായ എൻ.ആർ.ബാബുരാജ്, ബി.ഭാസി, ബീനാമ്മ വർഗ്ഗീസ്, ടോമി എബ്രഹാം, ജി.കെ.അജിത്ത്, എ.എക്‌സ്.ഇ എൽ.രാജശ്രീ എന്നിവർ പ്രസംഗിച്ചു.

സ്ത്രീകളോട് പരാക്രമം കാട്ടുന്നവർ നശിക്കുമെന്ന് മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: സ്ത്രീകളോടും അമ്മമാരോടും പരാക്രമം കാട്ടുന്നവർ ഒരിക്കലും ഗതിപിടിക്കില്ലെന്നുള്ളത് ചരിത്രമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. പുരാണങ്ങളിലുള്ള ദുഷ്‌ചെയ്തികൾ ഇപ്പോൾ പലരും നാട്ടിൽ പ്രവർത്തിക്കുകയാണ്. പരാക്രമം സ്ത്രീകളോടല്ല കാട്ടേണ്ടതെന്ന് കംസനോട് പറഞ്ഞിട്ടും അദ്ദേഹം അത് കേട്ടില്ല. പിന്നീട് അയാളുടെ വിധി നമുക്കറിയാം. അതുകൊണ്ട് സ്ത്രീകളെ വഴിയിൽ പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ‘സ്ത്രീ സമത്വത്തെപ്പറ്റി പറയാൻ ഇപ്പോൾ ചിലർക്ക് മടിയാണ്. പക്ഷേ ഞങ്ങൾക്കതില്ല. എല്ലാ മേഖലകളിലും സ്ത്രീസമത്വം ഉണ്ടാവണമെന്നാണ് സർക്കാർ നയം. 100 വർഷം കഴിഞ്ഞ് അന്നത്തെ കുട്ടികൾ ചരിത്രം പഠിക്കുമ്പോൾ സ്ത്രീസമത്വം പറയാൻ കുറച്ച് ആണുങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു’. 12 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച ചേർത്തല-തണ്ണീർമുക്കം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് കൊക്കോതമംഗലം സെന്റ് ആന്റണീസ് സ്‌കൂൾ അംഗണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പാലങ്ങളുടെ നിർമ്മാണത്തിൽ കേരള സർക്കാർ ചരിത്രം സൃഷ്ടിക്കുകയാണ്. ഇതുവരെ 100ലേറെ പാലങ്ങൾ സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കി. കൊച്ചിയിൽ നാല് ഫ്‌ളൈ ഓവറുകളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇപ്പോൾ 200 കോടി രൂപയുടെ ഫ്‌ളൈ ഓവർ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. 20 സ്ഥലങ്ങളിൽ ഉയർത്തി, 150 കോടി രൂപ മുടക്കി എ.സി.റോഡ് ഡിസൈൻ റോഡാക്കി നിർമിക്കുകയാണ്. പിണറായി സർക്കാറിന് വികസന അജണ്ട മാത്രമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു.
2016-17 കിഫ്ബി പദ്ധതിയിൽ നവീകരിച്ചതാണ് ചേർത്തല മുതൽ തണ്ണീർമുക്കം ജംഗ്ഷൻവരെയുള്ള 6 കിലോമീറ്റർ നീളമുള്ള റോഡ്. കാർത്ത്യായനി ദേവി ക്ഷേത്രം മുതൽ തണ്ണീർമുക്കം ജംഗ്ഷൻ വരെ വർഷങ്ങളായി തകർന്ന് കിടന്ന റോഡിനാണ് ഇതുവഴി ശാപമോക്ഷം ആയത്. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ചേർത്തലയിലെ ശബരിമല തീർത്ഥാടകരുടേയും കോട്ടയം മെഡിക്കൽ
കോളേജിലേക്ക് പോകുന്ന രോഗികളുടേയും ഏക മാർഗ്ഗമാണ് ഈ റോഡ് . അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിക്കാനാവാത്ത വിധം തകർന്ന സ്ഥിതിയിലായിരുന്നു ഈ റോഡ്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ ഉയർന്ന നിലവാരത്തിലാണ് റോഡ് പണി പൂർത്തീകരിച്ചത്. ചതുപ്പ് പ്രദേശമായിരുന്ന ഒരു കിലോമീറ്ററോളം ഭാഗത്ത് കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട ജംഗഷനുകളായ കെ.എസ്. ആർ ടി സി ജംഗ്ഷൻ, ഗവ. ഗേൾസ് സ്‌കൂൾ ജംഗ്ഷൻ, കാളികുളം ജംഗ്ഷൻ, വെള്ളിയാകുളം ജങ്ഷൻ, വാരനാട് ജങ്ഷൻ എന്നിവിടങ്ങൾ ഇന്റർ ലോക്കിംഗ് ടൈൽ പാകിയിട്ടുണ്ട്. നാല് കൾവർട്ടുകൾ നിർമിക്കുകയും സംരക്ഷണ ഭിത്തിയും നിർമിച്ചിട്ടുണ്ട്.

ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാൽ, തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി. എസ്. ജ്യോതിസ്, ജില്ലാ പഞ്ചായത്തംഗം സിന്ധുവിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി കമലം, സിനിമോൾ സോമൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്, കെ.പ്രസാദ്, കെ.ആർ.എഫ്.ബി. പ്രോജക്ട് ഡയറക്ടർ വി.വി.ബിനു, എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു.