കലോത്സവം കാണാൻ എത്തിയവരുടെ മനസ്സ് കീഴടക്കി കണ്മണി

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാറ്റുരച്ചു ഉന്ന

ത വിജയം കൈവരിക്കാൻ ശാരിരിക വൈകല്യം ഒരു തടസ്സമല്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് മാവേലിക്കര സ്വദേശിയും ഭിന്നശേഷിക്കാരിയുമായ കണ്മണി. കഴിഞ്ഞ അഞ്ചുവർഷമായി കലോത്സവ വേദിയിലെ നിറസാന്നിധ്യമാണ്. ജന്മനാ കൈകൾ ഇല്ലാത്ത കൺമണിയുടെ കാലുകൾക്കും സ്വാധീനമില്ല. ഇതൊന്നുമല്ല, തോൽക്കില്ലെന്ന് ഉറച്ചു വിശ്വസിക്കുന്ന മനസാണ് തന്റെ വിജയത്തിന്റെ പ്രാധാന കാരണമെന്ന് കണ്മണി പറയുന്നു.

സ്വാധീനമില്ലാത്ത ഇടത് കാൽ കൊണ്ട് ചിത്ര രചനയിൽ വിസ്മയം തീർക്കുന്ന കണ്മണി ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നിവക്ക് എ ഗ്രേഡുമായാണ് മടങ്ങുന്നത്. താരമാരക്കുളം വി.വി.എച്.എസ്.എസിലെ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. മാവേലിക്കര അറുനൂറ്റിമംഗലം അഷ്ടപതി വീട്ടിൽ ശശികുമാർ-രേഖ ദമ്പതികളുടെ മകളാണ് കൺമണി.

നങ്ങ്യാർകൂത്തിൽ നാലാം തവണയും മധുരിമ

ആലപ്പുഴ: സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നങ്യാർകൂത്തിൽ നാലാം തവണയും എ ഗ്രേഡുമായി തിരുവന്തപുരം സ്വദേശി മധുരിമ. വെള്ളാപ്പള്ളി ഒ.എൽ.എഫ്. എൽ.പി.സ്‌കൂളിലെ 10-ാം നമ്പർ വേദിയായ കാട്ടുകുതിരയിൽ നടന്ന നങ്യാർകൂത്തിലാണ് മധുരിമയ്ക്ക് എ ഗ്രേഡ് ലഭിച്ചത്. തിരുവനന്തപുരം കാർമ്മൽ എച്.എസ്. എസിൽ പ്ലസ് ടു വിദ്യാർഥിയാണ് മധുരിമ. ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥൻ മുരളീധരന്റെയും സെക്രട്ടറിയേറ്റ് ജീവനക്കാരി മീനാംബികയുടെയും മകളാണ് മധുരിമ.

ഭരതനാട്യത്തിൽ എല്ലാവർക്കും എ ഗ്രേഡോടെ മിന്നും വിജയം

ആലപ്പുഴ : ഗുരുവിന് ദക്ഷിണ നൽകി വണങ്ങി ഗുരുവിന്റെ കൈകളാൽ ചിലങ്ക അണിഞ്ഞു സർവ്വ അനുഗ്രഹങ്ങളും ഏറ്റുവാങ്ങി വേദിയിൽ ഭാവ -രാഗ-താളങ്ങളോടെ ഏവരേയും രസിപ്പിച്ച ഭരതനാട്യ നർത്തകർക്ക് ഏറെ സന്തോഷകരായി വിധിനിർണയം. നാലാം വേദിയായ ടി.ഡി.സ്‌കൂളിലെ നിത്യകന്യകയിൽ അരങ്ങ് തകർത്ത ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എല്ലാവർക്കും എ ഗ്രേഡോടെ മിന്നുന്ന വിജയം. 23 മത്സരാത്ഥികളാണ് മത്സരിച്ചത് അതിൽ ഒമ്പതു പേർ അപ്പീലുമായി എത്തിയവരും. അവധി ദിവസമായതിനാൽ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു ഭരതനാട്യ മത്സരം.

മിന്നുന്ന വിജയത്തിന് പിന്നിലും പറയാൻ ഓരോ കഥകളുണ്ട്

ആലപ്പുഴ: കാസർകോഡ് കക്കാട്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ സുഹൃത്തുക്കൾ സിദ്ധാർഥും ശ്രീഷ്ണുവും ഒരുമിച്ചാണ് കലോത്സവത്തിന് എത്തിയത്. രണ്ടു മാർക്ക് വ്യതാസത്തിലായിരുന്നു സിദ്ധാർഥ് ജില്ലയിൽ രണ്ടാം സ്ഥാനത്തായത്. അപ്പീലിലൂടെ സുഹൃത്തുക്കൾ രണ്ടു പേരും ഒരേ വേദിയിൽ കഴിവ് തെളിയിക്കാനായി എത്തുകയായിരുന്നു. എ ഗ്രേഡ് വിജയവുമായി ആണ് അവർ നാട്ടിലേക് മടങ്ങി പോകുന്നത്.
കോഴിക്കോട് നിന്ന് വന്ന അഭിഷേക് ഭാസ്‌കരുടെ സ്വപ്നമായിരുന്നു സംസ്ഥാന കലോത്സവം. എന്നാൽ ചെത്തു തൊഴിലാളിയായ അച്ഛന് ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു സാമ്പത്തിക ചെലവുകൾ . സാമ്പത്തിക ബുദ്ധിമുട്ടുകളാൽ പങ്കെടുക്കണ്ടെന്നും തീരുമാനിച്ചെങ്കിലും ആഗ്രഹം കാരണം കാനറാ ബാങ്കിൽ നിന്നും അൻപതിനായിരം രൂപ വായ്പയെടുത്താണ് വന്നത്. മിന്നുന്ന വിജയം നേടാനുമായി. അഭിഷേകിന് കുച്ചുപ്പുടിയിലും എ ഗ്രേഡ് ലഭിച്ചിരുന്നു.

വായ്ത്താരിക്ക് ചുവടുവെച് മാർഗംകളി

ആലപ്പുഴ :ലിയോ തേർട്ടീന്ത് സ്‌കൂളിലെ ഉത്തരാസ്വയംവരം വേദിയിൽ മാർഗംകളി ചുവടുകളാൽ നിറഞ്ഞു. മത്സരം തുടങ്ങുവാൻ ഏറെ വൈകിയെങ്കിലും പ്രേക്ഷക പിന്തുണ വളരെ വലുതായിരുന്നു. ‘ഒത്തു പിടിച്ചേ നമ്മൾ…’ എന്ന മാർഗംകളി പാട്ട് കാണികളും ഏറ്റുപാടി വലിയാ പിന്തുണയോടെ കൂടെയുണ്ടായിരുന്നു. കല്യാണത്തലേന്നും പെരുന്നാൾ ദിവസങ്ങളിലും ക്രിസ്ത്യൻ കുടുംബങ്ങളിൽ പുലരുവോളം കളിച്ചിരുന്ന 14 പാദം ഉൾപ്പെട്ട മാർഗംകളി നിലവിൽ അതിൽ ഏഴോ എട്ടോ പാദങ്ങൾത്തന്നെ പത്തുമിനിറ്റിലേക്ക് ഒതുക്കി ചിട്ടപ്പെടുത്തിയാണു കലോൽസവ വേദിയിലെത്തുന്നത്.
പന്ത്രണ്ടുപേരാണ് മാർഗ്ഗം കളിയിൽ പങ്കെടുക്കുന്നത്. കത്തിച്ചുവച്ച തിരിവിളക്കിനു ചുറ്റും നിന്ന് കൈകൊട്ടിപാടിയാണ് മാർഗ്ഗംകളി നടത്തുന്നത്. വിളക്ക് ക്രിസ്തുവിനേയും 12 പേർ ക്രിസ്തുശിഷ്യന്മാരേയും സൂചിപ്പിക്കുന്നു. കളിയാശാൻ കൈമണി കൊട്ടി വായ്ത്താരി ചൊല്ലി പദം പാടുകയും, വൃത്താകൃതിയിൽ അണിനിരക്കുന്ന കളിക്കാർ അതേറ്റുപാടി താളവും ചുവടും പിടിച്ച് നൃത്തസമാനമായ ചടുലതയോടെ ആടുകയും ചെയ്യുന്നതാണ് രീതി. പരമ്പരാഗതമായ വെള്ള മുണ്ടും ചട്ടയും അണിഞ്ഞാണ് മാർഗ്ഗംകളി അവതരിപ്പിക്കുന്നത്. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി.

മധുരം നൽകി പൊലീസ് ഒപ്പം ചരിത്രം പറഞ്ഞും

ആലപ്പുഴ : ലിയോ തേർട്ടീന്ത് സ്‌കൂളിലെ പ്രധാനവേദിയിൽ മികച്ച പ്രവർത്തനവുമായി പൊലീസ് വകുപ്പും. കലോത്സവം ആസ്വദിക്കാൻ എത്തുന്നവർക്ക് മധുരം നൽകിയാണ് ജില്ല പോലീസ് സ്വാഗതം ചെയ്യുന്നത്. പോലീസ് കൂടുതൽ ജനകീയമായതിന്റെ ഉത്തമോദാഹരണമായി ഇത്. കുടിവെള്ളം നൽകിയും, തിരക്ക് നിയന്ത്രിച്ചും മത്സരാർഥികളെ സഹായിച്ചും പൊലീസ് ഏവരുടെയും ശ്രദ്ധനേടി.
ജനങ്ങൾക്ക് പോലീസിന്റെ ചരിത്രമറിയുന്നതിനും ആയുധങ്ങൾ, വെടിക്കോപ്പോകൾ പടച്ചട്ട എന്നിവ അടുത്തു പരിചയപ്പെടാനും അവസരമൊരുക്കിട്ടുണ്ട്. ഒപ്പം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, നേർക്കോട്ടിക് സെൽ, നിർഭയ പദ്ധതിയുടെ പരിശീലനവും പോലീസ് കലോത്സവ വേദിയിൽ ഒരുക്കിയിരിക്കുന്നു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിർദേശ പ്രകാരം തുടങ്ങിയ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് ജില്ല ഹെഡ്ക്വാർട്ടേഴ്‌സ് ഡപ്യുട്ടി കമാൻഡർ പി. എസ് സുരേഷ് കുമാറാണ്. കൂടാതെ സ്റ്റുഡൻസ് പോലീസിന്റെ കാര്യവും എടുത്തു പറയേണ്ടതാണ്. ജില്ല പോലീസിന് സഹായവുമായി അവർ അശ്രാന്തം പ്രവർത്തിക്കുന്നുണ്ട്.

കലോത്സവനിറങ്ങളിൽ ഇളം ഓറഞ്ച് നിറം ഒന്നാമൻ

ആലപ്പുഴ: കലോത്സവത്തിന്റെ രണ്ടാം ദിവസവും ഭംഗിയായി കഴിഞ്ഞുപോയെരിക്കുന്നു. ജില്ലകൾ തമ്മിലുള്ള മത്സരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഒന്നുണ്ട്. ഇളം ഓറഞ്ച് നിറം. കലോത്സവത്തിൽ മത്സരാർത്ഥികളെ ശ്രദ്ധിക്കാത്തവരായി ആരുമുണ്ടാകില്ല. മത്സരാർഥികളുടെ മുഖശ്രീ ഒരു പ്രധാന ഘടകമാണ്. അതിനാൽ ചമയത്തിനും ഇവിടെ വലിയ സാധ്യതയുണ്ട്. സാധാരണ ചമയത്തിനായി ഉപയോഗിക്കുന്നത് പാൻ സ്റ്റിക്ക്, പാൻ കേക്ക്, കോംപാക് പൗഡർ എന്നിവയാണ്. അത് മത്സരാർഥിയുടെ ശരീരവർണ്ണത്തിന് അനുസരിച് ഉപയോഗിക്കാറുണ്ട്. എന്നാൽ മത്സരാർത്ഥിയുടെ മുഖത്ത് ഒളിച്ചിരിക്കുന്ന നിറമാണ് ഇളം ഓറഞ്ച്. ഈ നിറമാണ് കലോത്സവത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ചമയനിറവും. മുഖത്തിനു പ്രകാശം നൽകാൻ ഉപയോഗിക്കുന്ന ഈ നിറമാണ് കലോത്സവത്തിൽ ഒന്നാമത്തെ നിറവും. എന്നാൽ മറ്റു കടുംനിറങ്ങളുടെ മുമ്പിൽ ഓറഞ്ച് പലപ്പോഴും കാണാതെ പോകുകയാണ്.

പ്രളയം നേർക്കാഴ്ചയായി വേദിയിൽ: പ്രമേയ വൈവിധ്യത്താൽ നാടോടിനൃത്തം

ആലപ്പുഴ:വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു നാടോടിനൃത്തം നടന്ന എസ്.ഡി.വി.സെന്റിനറി ഹാളിലെ കല്യാണസൗഗന്ധികം വേദിയുടെ പ്രത്യേകത. പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നൃത്താവതരണം കൂട്ടത്തിൽ വേറിട്ട് നിന്നു. കലിതുള്ളി ഒഴുകിയ പെരിയാറിന്റെ തീരത്ത് നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ തന്റെ കൈക്കുഞ്ഞിനെ നഷ്ടപ്പെടുന്ന ഒരമ്മയുടെ വേദന സദസ്സിനെ ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. പ്രളയ ദുരന്തത്തിന്റെ
നേർക്കാഴ്ചയായിരുന്നു ആ നൃത്താവതരണം. വിധികർത്താക്കൾ എത്താൻ അല്പം വൈകിയെങ്കിലും വേദിയിൽ കാണികൾ ക്ഷമയോടെ തന്നെ കാത്തിരുന്നു. നിറഞ്ഞുതിങ്ങിയ സദസ്സിലായിരുന്നു കുട്ടികൾ നാടോടിനൃത്തം അവതരിപ്പിച്ചത്.
ചടുലമായ നൃത്തചുവടുകളുായി കുട്ടികൾ വേദിയിൽ നിറഞ്ഞാടി.ഘോരരൂപിണിയായ രാക്ഷസി താടകയുടെ പ്രണയം പ്രമേയമായി നാടോടിനൃത്ത വേദിയിൽ അരങ്ങേറിയപ്പോൾ കാണികൾക്ക് അത് വ്യത്യസ്തമായ അനുഭവമായി മാറി.മികച്ച രീതിയിൽ ചടുലമായ നൃത്തച്ചുവടുകളുമായി താടക കാണികൾക്ക് മുന്നിൽ അരങ്ങ് തകർത്തു.നാടോടിപാട്ടുകളുടെ വ്യത്യസ്തമായ അവതരണവും ഏറെ ശ്രദ്ധേയമായിരുന്നു.