പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കണ്ണൂര്‍ പൈതൃകോത്സവത്തിന് ജനുവരി ഒന്നിന് മുണ്ടേരിയില്‍ തുടക്കമാവും. വൈകീട്ട് അഞ്ച് മണിക്ക് മുണ്ടേരി മുദ്ര ഓഡിറ്റോറിയത്തില്‍ രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിജു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ റസീന, പഞ്ചായത്തംഗം സമീറ ടീച്ചര്‍, മ്യൂസിയം ആന്‍ഡ് മൃഗശാല വകുപ്പ് സൂപ്രണ്ട് പി.എസ് പ്രിയരാജന്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നയിക്കുന്ന സോദാഹരണ പ്രഭാഷണം നടക്കും. ക്ലാസിക്കല്‍ കലകളുടെ അഭിനയ സംമ്പ്രദായത്തെക്കുറിച്ച് അവതരണത്തോടുകൂടിയുള്ള പ്രഭാഷണം കലാരൂപങ്ങളുടെ സങ്കേതങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കും. 7.30 ന് പുഷ്പവതി നയിക്കുന്ന സംഗീതനിശ അരങ്ങേറും.
കണ്ണൂരിന്റെ ചരിത്ര സാംസ്‌കാരിക പൈതൃകത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം രൂപീകരിക്കുക, പൈതൃക സംരക്ഷണത്തിന്റെ ആവശ്യകത എത്തിക്കുക എന്നീ ഉദ്ദേശത്തോടെയാണ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.
ജനുവരി ആറ് വരെയാണ് പൈതൃകോത്സവം നടക്കുന്നത്.
