മാതൃക സായംപ്രഭ ഹോമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ തിളക്കത്തിലാണ് കണ്ണൂര്‍ കോര്‍പറേഷനിലെ താളിക്കാവ് സായംപ്രഭ ഹോം. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാതൃകാ സായംപ്രഭ ഹോം പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ നിന്ന് താളിക്കാവ് സായംപ്രഭ ഹോമിനെ മാതൃകാ സായംപ്രഭ ഹോമായി ഉയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സായംപ്രഭ.

സംസ്ഥാനത്തെ നിലവിലുള്ള 15 സായംപ്രഭ ഹോമുകളെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള മാതൃക സായംപ്രഭ ഹോമുകളായി ഉയര്‍ത്തിയത്. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ ഒന്‍പത് സായംപ്രഭാ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലശ്ശേരി മുനിസിപ്പാലിറ്റിയില്‍ കാവുംഭാഗത്തും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ എരുവട്ടിയിലും പാട്യം, പെരളശ്ശേരി പഞ്ചായത്തിലും അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ കാവിന്‍മൂലയിലും, കരിവെള്ളൂര്‍ – പെരളം ഗ്രാമപഞ്ചായത്തില്‍ മതിരക്കോട്, നാറാത്ത് ഗ്രാമപഞ്ചായത്തിലെ കോട്ടിച്ചാലിലുമാണ് സായംപ്രഭ ഹോമുകളുള്ളത്.

വയോജനങ്ങള്‍ക്കായി സൗജന്യ ഒ.പി, ഫിസിയോതെറാപ്പി സെന്റര്‍, ആയുഷ് ഡോക്ടറുമായി കൂടിക്കാഴ്ച്ച, മെഡിക്കല്‍ ക്യാമ്പുകള്‍, മാസത്തിലൊരിക്കല്‍ അനാഥരായ വയോജനങ്ങളുടെ വീടുകളില്‍ ഭക്ഷണ പദാര്‍ഥങ്ങളുടെ കിറ്റ് എത്തിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് വിവിധ തരത്തിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, ഫിസിയോതെറാപ്പി കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുക, വിദഗ്ധ കൗണ്‍സിലറുടെ സേവനം ലഭ്യമാക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ വാര്‍ഡുകളും കേന്ദ്രീകരിച്ച് കൈതൊഴില്‍ പരിശീലനം ആരംഭിക്കുക, വായനക്കാര്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍.