ദേശീയ വിരവിമുക്ത ദിനാചാരണത്തിന്റെ ഭാഗമായി ജില്ലയിലെ 1601 സ്‌കൂളുകളിലും 2504 അങ്കണവാടികളിലും വിദ്യാര്‍ഥികള്‍ക്ക് വിരഗുളികകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ മുണ്ടേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സിംപ്രേലക്ക് ഗുളിക നല്‍കി പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലയിലെ ഒന്ന് മുതല്‍ 19 വയസ്സുവരെയുള്ള 5,67,475 കുട്ടികള്‍ക്കാണ് ജനുവരി ആറിന് വിരനശീകരണത്തിനുള്ള ആല്‍ബന്റസോള്‍ ഗുളിക നല്‍കുന്നതിന് ആരോഗ്യ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വിര വിമുക്ത ദിനത്തില്‍ ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12 ലെ മോപ് അപ്പ് ദിനത്തില്‍ ഗുളിക കഴിക്കാവുന്നതാണ്.

മുണ്ടേരി സ്‌കൂള്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. കെ.ടി രേഖ അധ്യക്ഷയായി. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ റസീന മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി സമീറ, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ജി.അശ്വിന്‍, മുണ്ടേരി ഗവ. എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍, ഹെഡ് മിസ്‌ട്രെസ് റംലത്ത് ബീവി, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ബി മുരളി, ജില്ലാ എം സി എച്ച് ഓഫീസര്‍ ഗീതാ കുമാരി, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി സുധീഷ് എന്നിവര്‍ സംസാരിച്ചു.

വിരഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യം

കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ച, പോഷണക്കുറവ്, ക്ഷീണം എന്നിവയുടെ പ്രധാന കാരണം വിരയാണ്. കൂടാതെ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെയും പഠിത്തത്തിലും പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ബാധിക്കുന്നു. ഉരുളന്‍ വിര, കൊക്ക പുഴു, ചാട്ട വിര, കൃമി, നാട വിര എന്നിവയാണ് സാധാരണയായി കുടലില്‍ കാണുന്ന വിരകള്‍. ഇവ ശരീരത്തില്‍ ലഭിക്കേണ്ട പോഷണം വലിച്ചെടുക്കുന്നത് മൂലം കുട്ടികള്‍ക്ക് പോഷണ വൈകല്യം, ക്ഷീണം എന്നിവ ഉണ്ടാകുന്നു. വിളര്‍ച്ചക്ക് കാരണമാകുന്നു.