ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികളില്‍ തിരുവനന്തപുരം അതിരൂപത മെത്രാന്‍ ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തി.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഡോ.സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ നടപടികളില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചത്. സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞം സന്ദര്‍ശിച്ചപ്പോള്‍ ചില ആളുകളുടെ ഭാഗത്തുനിന്നുണ്ടായ പ്രതിഷേധം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അതിരൂപത മെത്രാന്‍ പറഞ്ഞു.
മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. പരിക്കേറ്റവര്‍ക്കും ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കാണാത്തവരെ കണ്ടെത്താനുളള തെരച്ചില്‍ ഊര്‍ജിതമായി തുടരും. ഭാവിയില്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറി ജൂഡിറ്റ് പയസ് ലോറന്‍സും അതിരൂപത മെത്രാനോടൊപ്പം ഉണ്ടായിരുന്നു.