75-ാം വയസില്‍ അക്ഷര വെളിച്ചം തേടി ദമ്പതികളായ യാഹൂട്ടിയും കുഞ്ഞിപ്പാത്തുവും. ജില്ലാ സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സാക്ഷരത ക്ലാസിലേക്ക് മുട്ടില്‍ സ്വദേശി യാഹൂട്ടി ഭാര്യ കുഞ്ഞിപ്പാത്തുവിന്റെ കൈപിടിച്ചാണ് എത്തിയത്. 75-ാം വയസിലും പഠിക്കാനുള്ള ആഗ്രഹവുമായെത്തിയ യാഹൂട്ടി ഇന്ന് സാക്ഷരതാ ക്ലാസിന്റെ ലീഡറായും സജീവമാണ്.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ അമ്പതാം മൈല്‍ സാംസ്‌കാരിക കേന്ദ്രത്തിലാണ് പഠനം. ദമ്പതിമാര്‍ക്ക് പുറമേ 13 പാഠിതാക്കളും സാക്ഷരതാ ക്ലാസ്സിലുണ്ട്. ജനുവരി 25 നാണ് ഇവരുള്‍പ്പെടുന്ന പഠിതാക്കളുടെ മികവുത്സവം. സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് നേടിയാല്‍ തുല്യതാ ക്ലാസിന്റെ ഓരോ പടവുകളും നടന്നു കയറാന്‍ കാത്തിരിക്കുകയാണ് ഇവര്‍. മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം പി.സാജിത പഠിതാക്കള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ അധ്യക്ഷനായി. അധ്യാപകരായ സുഹിലി ചന്ദ്രന്‍, സൗമ്യ പ്രസാദ്, ജയശ്രീ അനില്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
