ജില്ലയിൽ പൊതുസ്ഥലത്തെ രണ്ടാമത്തെ മുലയൂട്ടൽ കേന്ദ്രം സുൽത്താൻ ബത്തേരി നഗരസഭാ ബസ്സ്റ്റാൻഡിൽ തുറന്നു. നാഷനൽ ഹെൽത്ത് മിഷൻ സുൽത്താൻ ബത്തേരി നഗരസഭയുമായി ചേർന്നാണ് യാത്രക്കാരായ അമ്മമാർക്ക് സൗകര്യമൊരുക്കിയത്. സുരക്ഷിതമായി മുലയൂട്ടാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. മുലപ്പാലിന്റെ ആവശ്യകയെക്കുറിച്ചുള്ള ബോധവത്ക്കരണവും കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നു. ഒരു കേന്ദ്രത്തിന് അമ്പതിനായിരത്തോളം രൂപയാണ് ചെലവ്. രണ്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത മാനന്തവാടി മുനിസിപ്പൽ ബസ്സ്റ്റാൻഡിലെ മുലയൂട്ടൽ കേന്ദ്രം വൻവിജയമാണ്. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ സ്ഥലമൊരുക്കിയാൽ പ്രധാന ബസ്സ്റ്റാൻഡുകളിലൊക്കെ ഈ സംവിധാനമൊരുക്കാനാണ് നാഷനൽ ഹെൽത്ത് മിഷന്റെ ലക്ഷ്യം. സുൽത്താൻ ബത്തേരിയിലെ മുലയൂട്ടൽ കേന്ദ്രം നഗരസഭ ചെയർമാൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ. സുമതി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ നീതു മനോജ്, ഐസിഡിഎസ് സൂപ്പർവൈസർ സാലി, കൗൺസിലർമാരായ എൽസി പൗലോസ്, ശരത്ത് ചടങ്ങിൽ സംബന്ധിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഭിലാഷ് സ്വാഗതവും ആരോഗ്യകേരളം ജില്ലാ കോർഡിനേറ്റർ സജേഷ് ഏലിയാസ് നന്ദിയും പറഞ്ഞു.
