ശബരിമല: ഏകദേശം മൂന്ന് വര്‍ഷംമുമ്പാണ് ആനന്ദ് ശബരിമല കയറുന്നത് അയ്യപ്പന്റെ ഗോപാലകനാവാന്‍. അന്നുമുതല്‍ ഇന്നുവരെ സന്നിധാനം ഗോശാലയുടെ മേല്‍നോട്ടക്കാരനാണ് പശ്ചിമബംഗാള്‍ ഉത്തര്‍ഗോപാല്‍നഗര്‍ സ്വദേശിയായ ആനന്ദ് സാമന്ത. വര്‍ഷത്തില്‍ ഒരുമാസം നാട്ടില്‍ പോകുന്നതൊഴിച്ചാല്‍ പൈക്കളെമേച്ചും, കുളിപ്പിച്ചും, പാല്‍ക്കറന്നും, ഗോശാലതൂത്തും കറന്നെടുക്കുന്ന പാല്‍ കൃത്യമായി അയ്യപ്പന് അഭിഷേകത്തിനെത്തിച്ചും ആനന്ദ് സാമന്ത സന്നിധാനത്തുണ്ട്. സന്നിധാനം ഭസ്മക്കുളത്തിന് മുകളിലെ വഴിയിലെ ഗോശാലയില്‍.
പുലര്‍ച്ചെ ഒരുമണിയോടെ തുടങ്ങുന്നു ആനന്ദിന്റെ കര്‍മ്മകാണ്ഡം. ഗോശാലകഴുകി ശുദ്ധിയോടെ പുലര്‍ച്ചെ രണ്ടിന് പാല്‍കറന്ന് മൂന്നുമണിയ്ക്ക് നട തുറക്കുന്നതിന് മുമ്പ് ക്ഷേത്രത്തിലെത്തിക്കുന്നു. തുടര്‍ന്ന് അല്‍പ്പസമയം വിശ്രമം. പശുക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കിയശേഷം അവയെ കുളിപ്പിച്ച് വൃത്തിയാക്കി അല്‍പ്പനേരം ഉറക്കം. വീണ്ടും ഉച്ചയ്ക്ക് മൂന്നിന് പാല്‍കറന്ന് ക്ഷേത്രത്തിലേയ്ക്ക്. പ്രാതല്‍ മുതല്‍ അത്താഴംവരെ ദേവസ്വത്തിന്റെ ഭോജനശാലയത്തില്‍നിന്ന് കഴിക്കും. പശുക്കള്‍ക്കുള്ള വൈക്കോലും പച്ചക്കറി, അവശിഷ്ടങ്ങളും, പഴത്തൊലിയും യഥേഷ്ടം ലഭിക്കുന്നതിനാല്‍ കന്നുകാലികള്‍ക്ക് ആഹാരത്തിന് മുട്ടില്ലെന്ന് ആനന്ദിന്റെ സാക്ഷ്യം. സീസണ്‍ കഴിഞ്ഞ് ആളൊഴിഞ്ഞാല്‍ ആനന്ദ് പശുക്കളെ ഗോശാലയില്‍നിന്നും പുറത്തിറക്കി മേയാന്‍ കൊണ്ടുപോകും. പുല്‍മേടുകളുള്ളതിനാല്‍ പച്ചപുല്ലിനും ക്ഷാമമില്ല.
ഗോശാലയില്‍ ഒരുകിടാവുള്‍പ്പടെ 25 കന്നുകാലികളാണുള്ളത്. ഇതില്‍ നാലെണ്ണം കാളകളാണ്. എച്ച്.എഫ്, വിവിധസങ്കരയിനം, വെച്ചൂര്‍ എന്നീയിനങ്ങളാണ് ഗോശാലയിലെ അംഗങ്ങള്‍. കൂട്ടിന് 21 കോഴികളും അഞ്ച് ആടുകളുമുണ്ട്. ഫാന്‍, ലൈറ്റുകള്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ഗോശാലയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോശാലയോട് ചേര്‍ന്നുള്ള മുറിയിലാണ് ആനന്ദിന്റെ കിടപ്പും ഉറക്കവും. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ വേരുകളുള്ള കൊല്ലത്ത് താമസിക്കുന്ന ഒരു  ഭക്തന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അയ്യപ്പസ്വാമിയ്ക്ക് നല്‍കിയ പശുക്കള്‍ പെറ്റുപെരുകിയാണ് സന്നിധാനത്തെ ഗോശാല വിപുലമായത്. ഇപ്പോഴും ഗോശാലയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. ആന്ദിനുള്ള പ്രതിഫലവും ഇദ്ദേഹം നല്‍കുന്നു. ആറുവര്‍ഷം മുമ്പ് ചെര്‍പ്പളശ്ശേരിയില്‍ കെട്ടിട നിര്‍മ്മാണപണിയ്ക്കെത്തിയ ആനന്ദ് മൂന്നുവര്‍ഷത്തിനുശേഷം ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം സന്നിധാനത്ത് എത്തുകയായിരുന്നു. ഒരുനിയോഗംപോലെ അയ്യപ്പന്റെ ഗോക്കളെ നോക്കി ആനന്ദ് സാമന്ത തന്റെ കര്‍മ്മകാണ്ഡം തുടരുന്നു.
അടുത്തവര്‍ഷം ഗോശാല വിപൂലികരിക്കും
ശബരിമല: ഗോക്കള്‍ പെറ്റുപെരുകുന്നതിനാല്‍ നിലവിലുള്ള ഗോശാല പുതിയൊരിടത്തേയ്ക്ക് മാറ്റി വിപുലീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ പറഞ്ഞു. അയ്യപ്പസ്വാമിയുടെ അഭിഷേകത്തിനും മറ്റ് ക്ഷേത്രാവശ്യങ്ങള്‍ക്കുമുള്ള പാലിനായി ഒരയ്യപ്പഭക്തന്‍ കാണിക്കയായി നല്‍കിയ ഗോക്കളുമായാണ് സന്നിധാനത്ത് ഗോശാല തുടങ്ങിയത്. ആ കന്നുകാലികളുടെ കിടാങ്ങളാണ് ഇന്ന് ഗോശാലയിലുള്ളത്.
പശുക്കളുടെ പരിപാലനവും മറ്റ് കാര്യങ്ങളും നോക്കുന്നത് ഈ അയ്യപ്പഭക്തനാണ്. നിലവില്‍ ഗോശാലയില്‍ ആവശ്യത്തിന് സൗകര്യങ്ങളുണ്ടെങ്കിലും ഭാവിയില്‍ ഇത് മതിയാകാതെ വരും. ഈ സാഹചര്യത്തിലാണ് ഗോശാല വിപുലീകരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.