ശബരിമല: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി ഫയര്‍ഫോഴ്സ്. ഭക്തരുടെ സുരക്ഷയ്ക്കായി അത്യാവശ്യ സംവിധാനങ്ങളെല്ലാം സജ്ജമാക്കി മൂന്ന് വിധത്തിലാണ് ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനം. സുരക്ഷിതമായ പാചകവാതക ഉപയോഗം ഉറപ്പുവരുത്താന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും ഹോട്ടല്‍ ഉടമകളെയും തൊഴിലാളികളെയും ബോധവത്ക്കരിച്ച ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയും തുടരുകയാണ്. ഹോട്ടലുകളിലെ പാചകവാതക ഉപയോഗത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്സ് ദേവസ്വം ബോര്‍ഡിന് നോട്ടീസ് നല്‍കി. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയ്ക്കാണ് നിര്‍ദേശം. ഇക്കാര്യങ്ങളില്‍ കച്ചവട സ്ഥാപന ഉടമകളിലും ഭക്തരിലും അവബോധമുണ്ടാക്കാന്‍ ശബരിമലയിലെ പ്രധാന ആറ് കേന്ദ്രങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഫയര്‍ഫോഴ്സ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാണ്ടിത്താവളത്ത് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. സന്നിധാനം, പമ്പ ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലും വരും ദിവസങ്ങളിലായി ബോര്‍ഡുകള്‍ സ്ഥാപിക്കും.ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരിശോധന തുടരുന്ന ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അപ്പം, അരവണ പ്ലാന്റിലും പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരുമെന്ന് ഫയര്‍ഫോഴ്സ് സ്പെഷ്യല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍ പറഞ്ഞു. ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി കണ്‍ട്രോള്‍ റൂം, സോപാനം, നടപ്പന്തല്‍, ഭസ്മക്കുളം, കൊപ്രക്കളം, മാളികപ്പുറം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, മരക്കൂട്ടം, ശരംകുത്തി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് 66 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഫയര്‍ഫോഴ്സ് ടീമാണ് മുഴുവന്‍ സമയ സേവന സന്നദ്ധരായി നിലയുറപ്പിച്ചിരിക്കുന്നത്. മകരവിളക്ക് സമയത്ത് കൂടുതല്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സോപാനത്ത് വിന്യസിക്കും. നവംബര്‍ 15 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ ആകെ 34 കേസുകളാണ് ഫയര്‍ഫോഴ്സില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ഹിതേഷ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ജി രവീന്ദ്രന്‍ നായര്‍, ടി വിജയന്‍, കെ.ടി അശോക് കുമാര്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രവര്‍ത്തനം.