*പ്രമുഖര്‍ക്ക് സുരക്ഷയൊരുക്കാനും ചുമതല
ശബരിമല: ശബരിമലയില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാനും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് സുരക്ഷയൊരുക്കാനും പ്രത്യേകം പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്സ്. നിലയ്ക്ക്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 25 വീതം റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്സ് ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ബറ്റാലിയനുകളില്‍ നിന്നായി ഡെപ്യൂട്ടേഷനിലെത്തിയവരാണ് ടീം അംഗങ്ങള്‍. പ്രത്യേക യൂനിഫോമിലുള്ള സേന ഭക്തര്‍ക്കാവശ്യമായ ഘട്ടങ്ങളിലും സഹായത്തിനെത്തും. ഡിസംബര്‍ ആറിന് ശബരിമലയില്‍ പോലീസിനും കമാന്ററുകള്‍ക്കുമൊപ്പം പ്രത്യേക നിരീക്ഷണത്തിനും സുരക്ഷയൊരുക്കാനും റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്സും സജീവമായിരുന്നു. മന്ത്രിമാര്‍, ഹൈക്കോടതി, സെക്രട്ടേറിയറ്റ്, രാജ്ഭവന്‍ എന്നിവടങ്ങളിലെ പ്രമുഖര്‍ മറ്റ് വി.ഐ.പികള്‍ എന്നിവര്‍ക്ക് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നതും ഈ സേനയാണ്. പ്രളയകാലത്ത് കേരളത്തില്‍ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി നിര്‍ണായക ഇടപെടല്‍ നടത്തി റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്സ് ശ്രദ്ധനേടിയിരുന്നു. ശബരിമലയില്‍ സന്നിധാനത്തെ ക്രമസമാധാനപാലന ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ ബൈജുവിന്റെ കീഴിലാണ് സേനയുടെ പ്രവര്‍ത്തനം. യു ഷറഫലിയാണ് റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്സിന്റെ കമാഡന്റ്.