2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനു(ഇ.വി.എം) കളുടെയും, വിവിപാറ്റുകളുടെയും ഒന്നാം ഘട്ട പരിശോധന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകനായ സുരേഷ് ചന്ദ്ര വിലയിരുത്തി. കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഇ.വി.എം വെയർ ഹൗസിൽ എത്തി മെഷീനുകളുടെ വൃത്തിയാക്കൽ മുതൽ ഓരോ ഘട്ടങ്ങളും പരിശോധിച്ച് വിലയിരുത്തി. തുടർന്ന് രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളെയും കണ്ട ശേഷമാണ് നിരീക്ഷകൻ മടങ്ങിയത്.

രാജസ്ഥാൻ ഇ.വി.എം നോഡൽ ഓഫീസറും തിരഞ്ഞെടുപ്പിന്റെ പ്രത്യേക ചുമതലയുമുള്ള സുരേഷ് ചന്ദ്ര കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ നിരീക്ഷകനാണ്. ഇവിഎം, വിവിപാറ്റ് എന്നിവയുടെ ഒന്നാം ഘട്ട പരിശോധന, ഗുണനിലവാര പരിശോധന, അവയുടെ സംരക്ഷണം എന്നിവ വിലയിരുത്തുകയാണ് ചുമതല.

ഭാരത് ഇലക്ട്രോണിക്സിന്റെ ഒൻപത് എഞ്ചിനീയര്‍മാരാണ് വിവിപാറ്റിന്റെ ഒന്നാം ഘട്ട പരിശോധന നടത്തുന്നത്. ജില്ലയില്‍ ആകെ 3170 കൺട്രോൾ യൂണിറ്റുകൾ, 3728 ബാലറ്റ് യുണിറ്റുകൾ , 3417 വിവിപാറ്റുകളുമാണ് ഒന്നാം ഘട്ടത്തിൽ പരിശോധിക്കുന്നത്. ജനുവരി 20 നകം പരിശോധന പൂർത്തീകരിക്കും വിധമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്

വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് ആര്‍. രമേശന്‍ (സി.പി.ഐ.എം), കെ വത്സലൻ (ഐ.ന്‍.സി) കെ നസീര്‍ (ഐ.യു.എം.എല്‍) ജോണ്‍സന്‍ പി. തോമസ് (ആര്‍.എസ്.പി) ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ കെ ബിനി, ഇലക്ഷന്‍ വിഭാഗം സൂപ്രണ്ട് പി സുനില്‍ കുമാര്‍ എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.