ചീങ്ങേരി വിപുലീകരണ പദ്ധതിയുടെ ഭാഗമായി ചീങ്ങേരിഎക്സ്റ്റന്‍ഷന്‍ സ്‌കീമിലെ മോഡല്‍ ഫാം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന്പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ. ആര്‍ കേളു. പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചീങ്ങേരി മോഡല്‍ ഫാമിലെ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാം നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി ഫാമിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനോടൊപ്പം ചീങ്ങേരി മോഡല്‍ ഫാമിലേക്ക് ആവിശ്യമായ തൊഴിലാളിനിയമന നടപടികളും സ്വീകരിക്കും .

1958 ല്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും കാര്‍ഷിക വൃത്തി പരിശീലനത്തിനുമായി രൂപീകരിച്ചതാണ് ചീങ്ങേരി എക്സ്റ്റന്‍ഷന്‍ സ്‌കീം ഫാം. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ചീങ്ങേരി മേഖലയിലെ പുനരധിവസിപ്പിക്കപ്പെട്ട പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആളുകള്‍ക്ക് കാപ്പി, കുരുമുളക് തോട്ടങ്ങള്‍ നട്ടുപിടിപ്പിച്ച് സ്ഥിരവരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2017 ല്‍ 31 തൊഴിലാളികളാണ് ഫാമില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് 20 തൊഴിലാളികള്‍ വിരമിച്ചു. നിലവില്‍ 11 പട്ടികവര്‍ഗ്ഗ തൊഴിലാളികളാണ് ഫാമില്‍ ജോലി ചെയ്യുന്നത്. പ്രദേശത്തെ 526.35 ഏക്കര്‍ ഭൂമിയില്‍ നിന്നും 270.95 ഏക്കര്‍ റവന്യൂ വകുപ്പിനും, 182 ഏക്കര്‍ കൃഷിതോട്ടത്തിനായി കൃഷി വകുപ്പിനും, 60.65 ഏക്കര്‍ ജനറല്‍ വിഭാഗത്തിനും 10.25 ഏക്കര്‍ പൊതു ആവശ്യത്തിനുമാണ് നല്‍കിയത്. ഫാം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ നല്‍കാനായി മന്ത്രി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ഡി.ആര്‍ മേഘശ്രീ, എ. ഡി.എം എം.ജെ അഗസ്റ്റിന്‍, ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ മനോജ് കുമാര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. പി ദിവ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സതീഷ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ്ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീകല, ഫാം തൊഴിലാളികള്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.