സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ സംഘടിപ്പിച്ച ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ 24 പരാതികള്‍ക്ക് പരിഹാരം. നഗരസഭാ ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം എം. ജെ അഗസ്റ്റിന്‍ എന്നിവരാണ് പരാതികള്‍ പരിഗണിച്ചത്. മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 16 പരാതികള്‍ക്ക് പുറമേ, 88 പരാതികള്‍ കൂടി അദാലത്തില്‍ നേരിട്ട് ലഭിച്ചു. ആകെ ലഭിച്ച 104 പരാതികളില്‍ 24 എണ്ണം അദാലത്തില്‍ അപേക്ഷകര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കി. തുടര്‍നടപടികള്‍ ആവശ്യമുള്ള പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം നടപടി സ്വീകരിക്കുന്നതിനായി കൈമാറി. വിവിധ വകുപ്പുകളിലെ ജില്ലാതല-താലൂക്ക് തല ഉദ്യോഗസ്ഥരും, പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരും അദാലത്തിന്റെ ഭാഗമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പരാതികള്‍ക്ക് എത്രയും വേഗം പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഭൂമി- ഭവന പദ്ധതികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍, വീടുകള്‍ക്കും പൊതുനിരത്തുകള്‍ക്കും ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അപേക്ഷകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യ വികസനം, മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് ലോണ്‍, കുടിവെള്ള പ്രശ്‌നം, വന്യമൃഗ ശല്യം, തെരുവ് മൃഗങ്ങള്‍ക്കുള്ള ഷെല്‍ട്ടര്‍, അനധികൃത മണ്ണെടുപ്പ്, പൊതുവഴിക്കും തോടുകള്‍ക്കും സംരക്ഷണ ഭിത്തി നിര്‍മാണം, റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ, പട്ടയം അനുവദിക്കാനുള്ള അപേക്ഷ, ഭൂനികുതി, തൊഴിലാളി പെന്‍ഷന്‍, മാന്‍ മിസ്സിങ് പരാതി, ഫെന്‍സിങ് നിര്‍മാണം, കുടുംബരോഗ്യ കേന്ദ്രം ക്രമീകരണം തുടങ്ങി നിരവധി പരാതികളും അപേക്ഷകളുമാണ് അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്. അദാലത്തിനോട് അനുബന്ധമായി അക്ഷയ സേവനങ്ങളും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. മനോജ് കുമാര്‍, എം.കെ ഇന്ദു, കെ. എസ് നസിയ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. പ്രസാദന്‍, എല്‍.എസ്. ജി. ഡി ജെ.ഡി ബൈജു ജോസ്, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ജി.പ്രമോദ്, സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ എം. എസ് ശിവദാസന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി കെ. എം സൈനുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി ടി. ടി റെജി, നഗരസഭ കൗണ്‍സിലര്‍മാര്‍, മറ്റ് പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ പരാതി പരിഹാര അദാലത്തില്‍ നടപടി
വയനാട് പാക്കേജിലുള്‍പ്പെടുത്തി ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി നല്‍കാന്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ നടപടിയായി. മാര്‍ച്ചില്‍ വയനാട് പാക്കേജില്‍ മുന്‍ഗണനയില്‍ ഓടപ്പള്ളം ഗവ. ഹൈസ്‌കൂളിനെയും ചേനാട് ഗവ ഹൈസ്‌കൂളും ഉള്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ പ്ലാനിങ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഓടപ്പള്ളം ഡിവിഷനില്‍ സ്ഥിതിചെയ്യുന്ന 40 വര്‍ഷത്തിലധികം പഴക്കമുള്ള ഓടപ്പള്ളം ഹൈസ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാനായി പലയിടങ്ങളില്‍ അപേക്ഷകള്‍ നല്‍കിയെങ്കിലും ഇക്കാലമത്രയും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ 500 ലധികം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 50 ശതമാനം ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളാണ്. സംസ്ഥാനത്ത് മാതൃകാ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധ നേടിയ വിദ്യാലയമാണ് ഓടപ്പള്ളം ഗവ. ഹൈസ്‌കൂള്‍. കഴിഞ്ഞ വര്‍ഷം വിക്ടേഴ്‌സ് ചാനല്‍, വിദ്യാഭ്യാസ വകുപ്പ്, കൈറ്റ് എന്നിവ ചേര്‍ന്ന് നടത്തിയ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഇതേ സ്‌കൂളായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിലായി വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെങ്കിലും, ആവശ്യത്തിന് ക്ലാസ് മുറികളുടെ അഭാവംമൂലം ലാബ്, ലൈബ്രറി, സ്‌കൂള്‍ മുറ്റത്തെ ഓപ്പണ്‍ തിയേറ്റര്‍ എന്നിവയിലിരുന്നാണ് പഠനം നടക്കുന്നത്. കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ മികച്ച നടപടി ലഭ്യമായതില്‍ ഏറെ സന്തോഷത്തിലാണ് ഡിവിഷന്‍ കൗണ്‍സിലര്‍ പ്രിയ വിനോദും പി.ടി.എ പ്രസിഡന്റ് എം. സി ശരത്തും. കുട്ടികള്‍ക്ക് ഇനി കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായി പഠനാന്തരീക്ഷം ഒരുക്കാന്‍ സാധിക്കുമെന്ന് ആശ്വാസവും ഇവര്‍ പങ്കുവെച്ചു.
വി. കെ ദിനേഷിന്റെ തിരോധാനം: അടിയന്തര നടപടികള്‍ക്ക് നിര്‍ദ്ദേശം
പതിനൊന്നര വര്‍ഷം മുമ്പ് കാണാതായ നെന്‍മേനി വാഴക്കണ്ടി ഉന്നതിയില്‍ വി. കെ ദിനേഷിന്റെ തിരോധാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ സബ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 2010 ല്‍ സി.ഐ.എസ്. എഫില്‍ ചേര്‍ന്ന് ദിനേഷ്, നാല് വര്‍ഷത്തിന് ശേഷം അവധിക്ക് നാട്ടിലേക്ക് വരുന്നതിനിടെയാണ് കാണാതായത്. കാണാതായി പതിനൊന്നര വര്‍ഷം കഴിഞ്ഞിട്ടും സി.ഐ.എസ്.എഫില്‍ നിന്ന് യാതൊരു റിപ്പോര്‍ട്ടും ആനുകുല്യങ്ങളും ലഭിച്ചിട്ടില്ലന്നും, മിസ്സിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തതിനാല്‍ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപെടുകയാണെന്നും പിതാവ് കരുണന്‍ അദാലത്തില്‍ പരാതിപ്പെട്ടു. അവസാന പ്രതീക്ഷയായാണ് കരുണന്‍ ജില്ലാ കളക്ടറുടെ പരാതി പരിഹാരം അദാലത്തില്‍ എത്തിയത്. മകന്റെ മിസ്സിങ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുമെന്നുള്ള പ്രതീക്ഷയിലാണ് കരുണന്‍.
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിന്നടപടി സ്വീകരിക്കും
ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിസുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഓടന്‍മൂല ഉന്നതിയില്‍ പട്ടികവര്‍ഗ്ഗ വിഭാഗ വിഭാഗത്തില്‍പ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് അനുവദിച്ച വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയില്‍ 3.60 ലക്ഷം കരാറുകാരന്‍ അനധികൃതമായി കൈപറ്റിയതായും, പല വീടിന്റെയും തറപ്പണിയും ലിന്റല്‍ വര്‍ക്കും മാത്രമാണ് പൂര്‍ത്തിയായതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.അദാലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമമായി കണക്കാക്കി കുറ്റക്കാരനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറുടെ സേവനം ലഭ്യമാക്കും
സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന ജില്ലാ കളക്ടര്‍ പരാതി പരിഹാര അദാലത്തില്‍, ചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും മെഡിക്കല്‍ ഓഫീസറുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ അപര്യാപ്തത, കുട്ടികളുടെ പരിചരണ വിഭാഗത്തിന്റെ അഭാവം, ആംബുലന്‍സ് സേവനം, ആംബുലന്‍സ് ഡ്രൈവര്‍ സൗകര്യം എന്നിവ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.
