ജില്ലയിലെ ആദ്യ ശിശു പരിചരണകേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാകലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. തണല്‍ പദ്ധതിയുടെ ഭാഗമായാണ് ശിശു പരിചരണ കേന്ദ്രം ആരംഭിക്കുന്നത്. പരിചരണ കേന്ദ്രത്തിലേയ്ക്കാവശ്യമായ സാധനസാമഗ്രികള്‍ വിവിധ സംഘടനകള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നും ടോള്‍ഫ്രീ നമ്പറായ 1517 നിലവില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും യോഗത്തില്‍ ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ അമ്മതൊട്ടില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് വിനിയോഗിച്ചത്. അമ്മ തൊട്ടിലില്‍ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടാല്‍ അധികൃതര്‍ക്ക് ഉടന്‍തന്നെ വിവരം ലഭിക്കുന്നതിനായി മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായി. 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ദേശീയ ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായി ഇന്ന് (ഡിസംബര്‍ 8) മോയന്‍സ് എല്‍.പി സ്‌കൂളില്‍ ചിത്രരചനാ മത്സരം നടത്തും. കരിയര്‍ ഡവലപ്‌മെന്റിന്റെ ഭാഗമായി അട്ടപ്പാടിയിലെ കുട്ടികള്‍ക്കായി ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി എം.സി. വാസുദേവന്‍, വൈസ് പ്രസിഡന്റ് സി.പി. ജോണ്‍, ട്രഷറര്‍ കെ.വിജയകുമാര്‍, ജോയിന്റ് സെക്രട്ടറി എം.രാമചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കെടുത്തു.
