ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ , സെക്രട്ടറിമാര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ സൂപ്രണ്ട് എന്നിവരുടെ യോഗം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. റോബിന്‍സണ്‍ റോഡിലെ ഹോട്ടല്‍ സായൂജ്യം റെസിഡന്‍സിയിലാണ് യോഗം ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം പാലക്കാട് ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ 10 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്.ബാക്കിയുളളവ പ്രവര്‍ത്തനം തുടരുന്നുണ്ട്. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ മേഖലയില്‍ സമഗ്ര മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്ടറെ കണ്ട് ടെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങി മടങ്ങി പോകുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്ട്രോണിക് സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവത്കരിച്ചു വരുന്നു. കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം, സൈന്‍ ബോര്‍ഡുകള്‍, രോഗികളെ പരിശോധിക്കുമ്പോഴും ചികിത്സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ എന്നിവ സ്ഥാപിച്ച് രോഗികള്‍ക്ക് മികച്ച സൗകര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ആര്‍ദ്രം മിഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.