ജില്ലയിലാദ്യമായി റോഡ് ടാറിങിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാതൃകയായി. ഷ്രെഡിങ് യൂണിറ്റിൽ പൊടിച്ച പ്ലാസ്റ്റിക്കാണ് റോഡ് ടാറിങിന് ഉപയോഗപ്പെടുത്തിയത്. ആറാംവാർഡിലെ കൊളഗപ്പാറ സ്‌കൂൾ റോഡാണ് പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് റീടാർ ചെയ്യുന്നത്. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ നിർവഹിച്ചു. സാമ്പത്തിക നേട്ടത്തിനൊപ്പം പ്ലാസ്റ്റിക് പ്രതിരോധമെന്നതു കൂടിയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ 250 മീറ്റർ ടാറിങിന് 40 കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കും.
2016-17ലെ സംസ്ഥാന സർക്കാരിന്റെ വികേന്ദ്രീകൃതാസൂത്രണ കോർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള 10 ശതമാനം റോഡ് നിർമാണ പ്രവൃത്തികളിൽ എട്ടു ശതമാനം ബിറ്റുമിന് പകരമായി പൊടിച്ച പ്ലാസ്റ്റിക് കൂടി ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. 2017-18, 2018-19 സാമ്പത്തിക വർഷങ്ങളിൽ ഇത് ആനുപാതികമായി വർധിപ്പിക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷ്രെഡിങ് മെഷീനുകൾ ഉപയോഗിച്ച് പൊടിച്ച് ടാറിൽ ചേർക്കുകയാണ് ചെയ്യുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ ഡാറ്റ അനുസരിച്ച് ഒരു കിലോമീറ്റർ റോഡിന് 350 കിലോഗ്രാം പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കാം. 20 എംഎം ചിപ്പിങ് കാർപറ്റ് തയ്യാറാക്കുന്നതിന് 10 മുതൽ 15 ശതമാനം വരെ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കാം. കൂടാതെ റോഡിന്റെ ഗുണമേന്മയും ഉറപ്പും വർധിക്കാനും ഇതു സഹായകരമാണ്.
പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് ശാസ്ത്രീയ സംസ്‌കരണത്തിലൂടെയാണ് ഷ്രെഡിങ് യൂണിറ്റിലെത്തിക്കുന്നത്. തുടർന്ന് വേർതിരിച്ചു വൃത്തിയാക്കിയ പ്ലാസ്റ്റിക് ഇവിടെ വച്ച് പൊടിക്കും. ഹരിതകർമസേനകളുടെ പ്രവർത്തനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉറപ്പുവരുത്തിയതായി ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ബി.കെ. സുധീർ കിഷൻ അറിയിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അസൈനാർ, ബ്ലോക്ക് ഓവർസിയർ മഞ്ജുഷ, മിനി സാബു, ഉഷ രാജേന്ദ്രൻ, അസിസ്റ്റന്റ് എൻജിനീയർ എം.ടി. ബാബു, എക്‌സിക്യൂട്ടീവ് എൻജിനീയർ എം.എസ്. ദിലീപ്, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ എം.പി. രാജേന്ദ്രൻ, എ.കെ. രാജേഷ്, പ്രോഗ്രാം കോർഡിനേറ്റർ കെ. അനൂപ് എന്നിവർ പങ്കെടുത്തു.
