വീട് നഷ്ടപ്പെട്ടവരുടെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം

ഓഖി ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കിരയായി വീട് നഷ്ടപ്പെട്ടവരുടെയും വീടുകള്‍ വാസയോഗ്യമല്ലാതെയായവരുടെയും കണക്കുകള്‍ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കെ വാസുകി നിര്‍ദ്ദേശം നല്‍കി. തിരച്ചില്‍ നടപടികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമായി തുടരുമെന്നും അവര്‍ അറിയിച്ചു. വിവിധ ആശുപത്രികളില്‍ സൂക്ഷിച്ചിട്ടുള്ള ഇനിയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡി എന്‍ എ സാമ്പിളുകള്‍ സ്വീകരിക്കുന്നതിന് തീരുമാനമായതായും കളക്ടര്‍ അറിയിച്ചു. മത്സ്യബന്ധനോപാധികളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരുടെ ഭക്ഷണം കുടിവെള്ളം,ചികിത്സാ സൗകര്യങ്ങള്‍ തുടങ്ങിയവ കളക്ടര്‍, സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍, പ്രത്യേക ചുമതലയുള്ള ഐ ഏ എസ് ഉദ്യോഗസ്ഥരായ ഡി ബാലമുരളി, പി ബി നൂഹ് എന്നിവര്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉദ്യോഗസ്ഥതല അവലോകനത്തില്‍ തീരുമാനിച്ചു.
ക്യാമ്പുകള്‍ അടുത്ത ഒരാഴ്ച കൂടി തുടരുന്നതിനും പിന്നീട് ആവശ്യമെങ്കില്‍ ദീര്‍ഘിപ്പിക്കുന്നതിനും തീരുമാനമായി. ദുരിതാശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം അടിയന്തിരമായി ഉറപ്പാക്കുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി .മലയോരമേഖലകളില്‍ ചുഴലിക്കാറ്റിന്റെ കെടുതികള്‍ക്കിരയായി് ഒരാഴ്ചയായി വൈദ്യുതി ഇല്ലാത്ത പെരിങ്ങമ്മല, വിതുര, തെന്നൂര്‍ മേഖലയിലെ ആദിവാസികുടുംബങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി പ്രശാന്ത്, ജില്ലാ പോലീസ് മേധാവി ( റൂറല്‍) പി അശോക് കുമാര്‍, പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥരായ ജി എസ് ടി ജോയിന്റ് കമ്മിഷണര്‍ ഡി ബാലമുരളി, സാമൂഹ്യ നീതി ഡയറക്ടര്‍ പി ബി നൂഹ,് സബ്കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.