ലോക മണ്ണ്ദിനാചരണം സംഘടിപ്പിച്ചു

ഭാവിതലമുറയുടെ നിലനില്‍പ്പിനായി ഭൂവിഭവ പരിപാലനം ശരിയായ ദിശയിലാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ‘മണ്ണിനെയറിയാം മൊബൈലിലൂടെ’ ആപ്പിന്റെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവ ആവാസ വ്യവസ്ഥയില്‍ ജീവന്റെ നിലനില്‍പ്പിന് മണ്ണ് ഒഴിവാക്കാനാവാത്ത വിധം പ്രധാനമാണ്. പലയിടത്തും മണ്ണ് അനിയന്ത്രിതമായി എടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് ഫലഭൂയിഷ്ടമായ മേല്‍മണ്ണാണ്. കൂടാതെ, മാലിന്യ നിക്ഷേപത്തിലൂടെയും മണ്ണ് മലിനമാകുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ ഘടനതന്നെ മാറ്റംവരുത്തുന്നതിന്റെ ഫലമാണ് ഭൂമികുലുക്കവും വരള്‍ച്ചയും ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍. ഇത്തരം നാശങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാനുള്ള ശക്തമായ ഇടപെടലുകളുണ്ടാകണം. ജീവജാലങ്ങളുടെ നിലനില്‍പ്പിനും ഭക്ഷ്യസുരക്ഷയ്ക്കും ജലലഭ്യത ഉറപ്പാക്കാനാകണം. അതുപോലെ പ്രധാനമാണ് മണ്ണിന്റെ കരുതലോടെയുള്ള പരിപാലനം. മരുഭൂമിയും, വെള്ളക്കെട്ടും, മഞ്ഞുപാളികളും ഒക്കെ ഒഴിവാക്കിയാല്‍ കൃഷിക്കായി ഉപയോഗിക്കാനാവുന്നത് 11 ശതമാനം മണ്ണ് മാത്രമാണ്. ഗുണമുള്ള മണ്ണില്‍ കൃഷി ചെയ്താലേ നല്ല ഫലം കിട്ടൂ. അനിയന്ത്രിതമായി മണ്ണില്‍ വിഷം ചേര്‍ത്താണ് ഫലഭൂയിഷ്ടത നശിപ്പിച്ചത്.
കൃഷി മാത്രമല്ല, കൃഷിയെ അടിസ്ഥാനമാക്കിയുള്ള ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാകുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്.
മേല്‍മണ്ണ് സംരക്ഷിച്ചാലേ കാര്‍ഷികവൃത്തി അഭിവൃദ്ധിപ്പെടൂ.
2019 ഓടെ എല്ലാ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന നടപടി പൂര്‍ത്തിയാക്കും. ഭൂമിയില്ലെങ്കില്‍ മനുഷ്യനില്ലെന്ന് ചിന്ത വളര്‍ന്നുവരാന്‍ ഇത്തരം ദിനാചരണങ്ങള്‍ സഹായമാകണം. ഹരിതസസ്യാവരണം സൃഷ്ടിച്ച് മണ്ണ്, ജല, സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ണിന്‍േറയും ജലത്തിന്‍േറയും പ്രാധാന്യം ഉള്‍ക്കൊണ്ടുള്ള നടപടികളാണ് ഹരിതകേരളം മിഷനിലൂടെ നടപ്പാക്കിവരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സൂക്ഷ്മതല പരിപാലനരീതി കാര്‍ഷികരംഗത്തേക്ക് കൊണ്ടുവരുന്നത് മണ്ണിന്റെയും പ്രകൃതിയുടേയും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്തുതല മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ടുകളുടെ പ്രകാശനവും ഏഴുജില്ലകളുടെ പഞ്ചായത്തുതല നീര്‍ത്തട ഭൂപട പ്രകാശനവും ‘മണ്ണറിഞ്ഞ് ജലമറിഞ്ഞ്’ എന്ന ഡോക്യൂമെന്ററിയുടെ പ്രകാശനവും നടന്നു.
കെ. മുരളീധരന്‍ എം.എല്‍.എ, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ, നബാര്‍ഡ് സി.ജി.എം ആര്‍. സുന്ദര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ എ.എം. സുനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാര്‍ഷികോത്പാദന കമ്മീഷണര്‍ ടിക്കാറാം മീണ സ്വാഗതവും മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെമിനാറും കുട്ടികള്‍ക്കായി പ്രശ്‌നോത്തരിയും നടന്നു.