മാനന്തവാടി വള്ളിയൂർക്കാവിലെ ഫയർ റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മഴക്കാലത്ത് സ്ഥിരമായി ഫയർസ്റ്റേഷൻ വെള്ളത്തിൽ മുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനാൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി നടപടികൾ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ മറുപടി.
അഗ്നിരക്ഷാ യൂണിറ്റിന്റെ സേവനം ഏറ്റവും ആവശ്യമുള്ള മഴക്കാലത്ത് വള്ളിയൂർക്കാവിലെ യൂണിറ്റ് സ്ഥിരമായി വെള്ളത്തിൽ മുങ്ങുന്നത് പതിവായിരുന്നു. സുരക്ഷിതമായ സ്ഥലത്ത് ഈ യൂണിറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ശക്തവുമായിരുന്നു. ഇതേത്തുടർന്നാണ് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയും കെ.സി കുഞ്ഞിരാമൻ എം.എൽഎയുമായ സമയത്ത് ഫോറസ്റ്റ് ഐബിക്ക് സമീപം 24 സെന്റ് സ്ഥലം റവന്യൂ വകുപ്പിൽ നിന്നും കെട്ടിടം നിർമാണത്തിനായി സൗജന്യമായി ലഭിച്ചിരുന്നു. നിർദിഷ്ട കെട്ടിടം പണിയുന്ന സ്ഥലത്തെ മരങ്ങൾ മുറിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. 3.45 കോടി രൂപയുടെ കെട്ടിടമാണ് ഇവിടെ നിർമിക്കുക.
സ്റ്റേഷൻ മാസ്റ്റർ, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, നാല് ലീഡിങ് ഫയർമാൻ, 24 ഫയർമാൻമാർ എന്നിവരുൾപ്പെടെ 38 ജീവനക്കാരാണ് ഇവിടെയുള്ളത്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തിൽ വള്ളിയൂർക്കാവിലെ അഗ്‌നിരക്ഷാ യൂണിറ്റിലെ ഫയലുകൾ നശിക്കുകയും സർവീസിങ് ഉപകരണങ്ങൾക്ക് കേടുപാടുണ്ടാകുകയും ചെയ്തിരുന്നു. പ്രതിസന്ധികൾക്കിടിയിലും പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച വടക്കേ വയനാട്ടിൽ 3,700 ആളുകളെയും ഒട്ടനവധി മൃഗങ്ങളെയുമാണ് ഈ യൂണിറ്റ് രക്ഷപ്പെടുത്തിയത്. പൂതിയ കെട്ടിടം പൂർത്തിയാൽ വള്ളിയൂർക്കാവ് അഗ്‌നി രക്ഷായൂണിറ്റിന്റെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.