തെക്കേ വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ 189.04 കോടി വേണ്ടിവരുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. രഞ്ജിത്ത്കുമാർ. ജില്ലാ വികസന സമിതിക്കു സമർപ്പിച്ച പദ്ധതിരേഖയിലാണ് ആവശ്യം ഉന്നഴിച്ചത്. ജില്ലാ ഭരണകൂടം നിർദേശിച്ചതനുസരിച്ചു ഡി.എഫ്.ഒ തയാറാക്കിയതാണ് പദ്ധതിരേഖ. നോർത്ത് വയനാട്, വൈൽഡ് ലൈഫ് ഡിവിഷൻ മേധാവികളും പദ്ധതിരേഖ സമർപ്പിച്ചിട്ടുണ്ട്. 103.3 കിലോമീറ്റർ റെയിൽ വേലി, 43.5 കിലോമീറ്റർ സോളാർ വേലി, 1,119 കിലോമീറ്റർ റീട്ടെയ്നിങ് വാൾ, 48.75 കിലോമീറ്റർ സോളാർ വേലി അറ്റകുറ്റപ്പണി, 15.8 കിലോമീറ്റർ കിടങ്ങ് അറ്റകുറ്റപ്പണിയും പൂർത്തിയായാൽ തെക്കേ വയനാട് വനം ഡിവിഷനിൽ കാടിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ വന്യജീവി ശല്യത്തിനു ഒരുപരിധിവരെ പരിഹാരമാകും.
മനുഷ്യ-മൃഗ സംഘർഷം തുടർക്കഥയാണ് സൗത്ത് വയനാട് വനം ഡിവിഷിന്റെ പലഭാഗങ്ങളിലും. നോർത്ത് വയനാട്, ലൈഡ് ലൈഫ് ഡിവിഷനുകളിൽ നിന്നുള്ള പദ്ധതിരേഖകളും കണക്കിലെടുത്താൽ പ്രവൃത്തികൾക്ക് 520 കോടി രൂപയോളം വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. വനാതിർത്തി ഗ്രാമങ്ങളിലെ വന്യജീവി ശല്യത്തിന് പരിഹാരത്തിനായി ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് പ്രോഗ്രാമിന്റെ സാധ്യതയും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.
മേപ്പാടി, കൽപ്പറ്റ, ചെതലത്ത് എന്നിങ്ങനെ മൂന്ന് റേഞ്ചുകൾ അടങ്ങുന്നതാണ് സൗത്ത് വയനാട് വനം ഡിവിഷൻ. 294.94 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. മൂന്നു റേഞ്ചുകളിലുമായി 67.67 ചതുരശ്ര കിലോമീറ്റർ റിസർവ് വനവും 223.48 ചതുരശ്ര കിലോമീറ്റർ നിക്ഷിപ്ത വനവുമുണ്ട്. ഡിവിഷൻ പരിധിയിൽ 221.5 കിലോമീറ്റർ സോളാർ വൈദ്യുതി കമ്പിവേലി നിലവിലുണ്ട്. ഇതിൽ 41.3 കിലോമീറ്റർ കൽപ്പറ്റ റേഞ്ചിലാണ്. മേപ്പാടി റേഞ്ചിൽ 48.75 കിലോമീറ്ററും ചെതലത്തു റേഞ്ചിൽ 131.45 കിലോമീറ്ററും സോളാർ വൈദ്യുതി കമ്പിവേലിയുണ്ട്. 120 കിലോമീറ്റർ നീളത്തിൽ വനാതിർത്തിയുള്ള ചെതലയം റേഞ്ചിൽ 12.9 കിലോമീറ്റർ ആനപ്രതിരോധ കൽമതിൽ നിർമിച്ചിട്ടുണ്ട്. കൽപ്പറ്റ, മേപ്പാടി റേഞ്ചുകളിൽ വനാതിർത്തി പലഭാഗങ്ങളിലും കുന്നും മലകളും ചതുപ്പുകളുമായതിനാൽ ആനപ്രതിരോധ മതിൽ പണിതിട്ടില്ല.
മൂന്നു റേഞ്ചുകളിലുമായി 43.5 കിലോമീറ്റർ സോളാർ വൈദ്യുതി കമ്പിവേലി നിർമാണത്തിനു 87 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പ്രശ്നക്കാരായ ആനകളെ വനത്തിൽനിന്നു തുരത്തുന്നതിനു പരിചയ സമ്പന്നരായ വാച്ചർമാരെ നിയമിക്കുന്നതിനുള്ള ചെലവും ഉൾപ്പെടുത്തിയാണ് പദ്ധതി രേഖ സമർപ്പിച്ചത്.
