സുൽത്താൻ ബത്തേരി നഗരസഭയിലെ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ചോറ്, മീൻകറി, ചപ്പാത്തി, പൊറോട്ട, 15 കിലോ ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, പഴകിയ എണ്ണ, നിരോധിച്ച പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന നൂൽപ്പുട്ട് എന്നിവയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിൽ കൈപ്പഞ്ചേരിയിൽ പ്രവർത്തിക്കുന്ന ചപ്പാത്തി നിർമാണ യൂണിറ്റിന് നോട്ടീസ് നൽകി. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കി.
ചെതലയം സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന കെഎം മെസ്, ബീനാച്ചി ഷാർജ ഹോട്ടൽ, ദൊട്ടപ്പൻകുളം വനിതാ മെസ്, ദൊട്ടപ്പൻകുളം മലബാർ ഹോട്ടൽ, മണിച്ചിറ ഒലീവിയ മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തത്. ശുചിത്വമില്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതും പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി തുടരുമെന്നു നഗരസഭ ചെയർമാൻ ടി.എൽ. സാബു അറിയിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ടി. തുളസീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി. മനോജ്, പി.എസ്. സുധീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
