ആത്മഹത്യാ പ്രവണതകളിൽ നിന്നും ലഹരിയിൽ നിന്നും ആദിവാസി ഊരുകളെ കൈപിടിച്ചുയർത്തി ആത്മവിശ്വാസം പകരാൻ മാനസികാരോഗ്യ പദ്ധതി തയ്യാറായി. ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ട് – വയനാട് എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (ഇൻഹാൻസ്) സാമുഹ്യനീതി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത ആദിവാസി വികസന വകുപ്പ് (ഐടിഡിപി), ജില്ലാ നിയമ സേവന സഹായ സമിതി, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. മെഡിക്കൽ ഓഫീസർ, മാനസികാരോഗ്യ വിദഗ്ധൻ, നഴ്‌സ് തുടങ്ങിയവർ അടങ്ങിയ സംഘത്തിന്റെ സേവനവും ലഭിക്കും. ആദിവാസി ഊരുകളുമായി അടുത്തിടപ്പെടുന്ന ട്രൈബൽ പ്രൊമോട്ടർമാരുടെ സഹായത്തോടെ കോളനികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യഘട്ടം. ഇതിനായി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രൊമോട്ടർമാർക്കുള്ള പരിശീലനം ആരംഭിച്ചു. ശേഖരിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനസിക പ്രശ്‌നം നേരിടുന്നവർക്ക് വൈദ്യസഹായമടക്കമുള്ളവ ലഭ്യമാക്കും. കോളനികളിൽ മാനസികാരോഗ്യം ഉറപ്പാക്കി ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കുകയാണ് ഒരു വർഷം നീളുന്ന തുടർപദ്ധതിയുടെ ലക്ഷ്യം.
ഈ വർഷം ആഗസ്റ്റിലാണ് പദ്ധതി ജില്ലയിൽ ആരംഭിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികളിൽ കാലതാമസമുണ്ടായി. നിലവിൽ പദ്ധതിയുടെ ഭാഗമായി 380 ഓളം കോളനികൾ സന്ദർശിച്ചു. 1500 ഓളം കുടുംബങ്ങളെ സന്ദർശിച്ച് ഒരോ അംഗത്തോടും നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. മൂന്നുപേരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. പുൽപ്പള്ളി, തിരുനെല്ലി മേഖലകളിൽ നിന്നും പുതുതായി 28 മാനസികാരോഗ്യ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാർഷികവൃത്തിയുമായി ഇഴകിച്ചേർന്നു ജീവിച്ചിരുന്ന സമൂഹമായിരുന്നു ആദിവാസികൾ. കാർഷിക മേഖലുണ്ടായ തകർച്ച ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ളതും ആദിവാസി വിഭാഗത്തെയാണ്. ഈ കാരണങ്ങളെല്ലാം ഊരുകളിലെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ അവസരത്തിൽ ഊരുകളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
