ശബരിമല അയ്യപ്പസ്വാമിക്ക് ഉഷപുജയ്ക്കും മറ്റും കര്‍മങ്ങള്‍ക്കുമായുള്ള പുഷ്പങ്ങള്‍ ശേഖരിക്കുന്നത് സന്നിധാനത്തുള്ള ‘ശബരി നന്ദനം’ എന്ന പൂന്തോട്ടത്തില്‍ നിന്ന്. അയ്യന് ഏറ്റവും പ്രിയപ്പെട്ടതും ശനിദോഷ പരിഹാരത്തിന് ഭക്തര്‍ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്ന ശംഖുപുഷ്പം ഉള്‍പ്പെടെ വിവിധ തരത്തിലും നിറത്തിലുമുള്ള പൂച്ചെടികളാണ് ഇവിടെ പരിപാലിക്കുന്നത്. ആറിനം അരളികള്‍, റോസ, തെച്ചി, ചെമ്പരത്തി, കൃഷ്ണതുളസി, നന്ദ്യാര്‍വട്ടം എന്നീ പുഷ്പങ്ങള്‍ നിറഞ്ഞതാണ് അരയേക്കര്‍ വിസ്തൃതിയിലുള്ള ഉദ്യാനം. പന്നിയുടെ ശല്യമുള്ളതിനാല്‍ നാലുവശവും കമ്പിവലകള്‍ കൊണ്ട് തിരിച്ച് ഗേറ്റുമിട്ടാണ് തട്ടുതട്ടായുള്ള തോട്ടം സുരക്ഷിതമാക്കിയിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശി ശശികുമാര്‍, ചടയമംഗലം സ്വദേശി രഘു എന്നിവര്‍ ചേര്‍ന്നാണ് തോട്ടം പരിപാലിക്കുന്നത്. പൊന്‍കുന്നം ചെറുവള്ളി ജഡ്ജി അമ്മന്‍ കോവിലിലെ ജീവനക്കാരനായ ശശികുമാര്‍ 2015 മുതല്‍ അയ്യന്റെ പൂന്തോട്ടത്തില്‍ സേവനനിരതനാണ്. മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ ചെടികള്‍ കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് വച്ചുപിടിപ്പിച്ചതായും ഇക്കഴിഞ്ഞ പ്രളയത്തില്‍ തോട്ടത്തിലൂടെ വെള്ളം കവിഞ്ഞൊഴുകിയതിനാല്‍ ചെടികള്‍ക്ക് ചെറിയതോതില്‍ നാശം സംഭവിച്ചിരുന്നതായി ശശികുമാര്‍ പറഞ്ഞു. ദിവസവും നാല് നേരവും ചെടികള്‍ക്ക് വെള്ളം നനയ്ക്കാറുണ്ടെന്നും സമായസയങ്ങളില്‍ ജൈവവളം പ്രയോഗിക്കാറുണ്ടെന്നും മറ്റൊരു തോട്ടക്കാരനായ രഘു പറഞ്ഞു.