ജില്ല ആതിഥ്യമരുളുന്ന 60-ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവം പ്രൗഢിയോടെ തന്നെ സംഘടിപ്പിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷത്തെ കലോല്‍സവ പരിപാടികള്‍ ലളിതമായാണ് സംഘടിപ്പിച്ചതെങ്കിലും അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ പ്രൗഡിയോടെ ജില്ലയില്‍ ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ലയിലേക്കെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ചരിത്രവിജയമാക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചുവെന്നും അടുത്തുതന്നെ സംഘാടക സമിതിരൂപീകരണ യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത അധ്യയന വര്‍ഷം കലോത്സവത്തിന് ആതിഥ്യമരുളുന്ന ജില്ലയ്ക്ക് സംസ്ഥാന കലോത്സവ പതാക കൈമാറുന്ന ചടങ്ങ് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ലളിതമായ പരിപാടിയോടെ നടന്നു. മഹാപ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മ്മിതിക്ക് വിവിധ പദ്ധതികളുമായി മുന്നോട്ടു പോവുന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ചെലവ് ചുരുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഈയിടെ സമാപിച്ച സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്നും ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ഒഴിവാക്കിയിരുന്നു. സമാപന സമ്മേളനത്തില്‍ നടത്തേണ്ടിയിരുന്ന ഔദ്യോഗിക പതാക കൈമാറലാണ് ലളിതമായ രീതിയില്‍ കളക്ടറുടെ ചേമ്പറില്‍ സംഘടിപ്പിച്ചത്.
ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറിന് പതാക കൈമാറി. വിവിധ വകുപ്പ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
