ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും നാളുകള്‍ വരാന്‍ പോകുന്നതിനാല്‍ ജില്ലയിലെ മുഴുവന്‍ ഉത്സവാഘോഷ പരിപാടികളും ഹരിതാഭമാക്കാന്‍ ഹരിത ചട്ടം നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി.സജിത്ത് ബാബു അഭ്യര്‍ത്ഥിച്ചു. പരിസര ശുചീകരണത്തിലും ഹരിതകേരളം കര്‍മ്മ പദ്ധതി നടത്തിപ്പിലും നിര്‍ണ്ണായക പങ്കുവഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്തരം പരിപാടികളിലും ഹരിത ചട്ടങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. കേരളത്തിന്റെ സവിശേഷതയായി പ്രകീര്‍ത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് നാം നീങ്ങുന്നത്. ഭൂമിയും മണ്ണും ജലവും വായുവും മലിനമാക്കാതെയുള്ള നവവികസന പ്രവര്‍ത്തനങ്ങളില്‍ നാം ഓരോരുത്തരും പങ്കാളികളാവണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഹരിത കേരളം മിഷന്റെയും മറ്റും നേതൃത്വത്തില്‍ ബഹുമുഖമായ കര്‍മ്മ പദ്ധതികള്‍ ഇതിനകം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരികയാണ്. ഈ ദൗത്യത്തില്‍ സമൂഹത്തിലെ നാനാവിഭാഗം ജനങ്ങളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും സമൂഹമാകെത്തന്നെയും സ്വമേധയാ രംഗത്തിറങ്ങണം. ഇത്തരമൊരു സമീപനമാണു വരാന്‍ പോകുന്ന തെയ്യക്കാലത്തും ഉത്സവം, ഉറൂസ്, പെരുന്നാള്‍ ഘട്ടങ്ങളിലും സ്വീകരിക്കേണ്ടതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ഗ്രീന്‍ പ്രോട്ടോക്കോള്‍ നടത്തിപ്പിനായി ഓരോ ഗ്രാമ പഞ്ചായത്തിലും പ്രത്യേകം സമിതികള്‍ ഉണ്ടാക്കണമെന്നും കൃത്യമായി നിരീക്ഷണ അവലോകനങ്ങള്‍ നടത്തി ഉത്സവ സംഘാടകര്‍ക്ക് യഥാസമയം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ച പ്രത്യേക മാര്‍ഗ്ഗരേഖ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഇതിനകം നല്‍കിയിട്ടുണ്ട്. അതിലെ ഓരോ നിര്‍ദ്ദേശവും ഉത്സവ മേഖലകളില്‍ പാലിക്കപ്പെടുന്നു എന്ന് കര്‍ശനമായി ഉറപ്പുവരുത്തണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പൂര്‍ണ്ണമായും വിട നല്‍കി പ്രകൃതി സൗഹൃദ ജൈവ ഉല്‍പന്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും ‘മാലിന്യമുക്ത ഹരിതാഭ ജില്ല’ എന്ന ലക്ഷ്യ പ്രാപ്തിയിലേക്കുള്ള കര്‍മ്മപരിപാടികളുമായി ഓരോ പ്രാദേശിക ഉത്സവ കമ്മിറ്റികളും ജനപ്രതിനിധികളും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.